ആഴ്സണലിന്റെ നഷ്ടം, മിഡ്ഫീൽഡ് മാസ്റ്റർ റാംസി ഇനി യുവന്റസ് ജേഴ്സിയിൽ

ആഴ്സണൽ മിഡ്ഫീൽഡറായ ആരോൺ റാംസിയെ ഇറ്റാലിയൻ ക്ലബായ യുവന്റസ് സ്വന്തമാക്കി. ഫ്രീ‌ ട്രാൻസ്ഫറിലൂടെയാണ് യുവന്റസ് ആഴ്സണൽ മിഡ്ഫീൽഡിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയത്. തന്റെ ആഴ്സണൽ കരാറിന്റെ അവസാന ആറു മാസത്തിലേക്ക് ജനുവരിയിൽ റാംസി പ്രവേശിച്ചിരുന്നു. അതുകൊണ്ട് ഏതു ക്ലബിനും ഫ്രീ ആയി റാംസിയെ സ്വന്തമാക്കാമായിരുന്നു.

നാലു വർഷത്തേക്കാണ് വെയിൽസ് താരം യുവന്റസിൽ കരാർ ഒപ്പുവെച്ചത്. അടുത്ത സീസൺ ആരംഭത്തിൽ ആകും റാംസി യുവന്റസിനൊപ്പം ചേരുക. 2008 മുതൽ ആഴ്സണലിൽ ഉള്ള റാംസി ഗണ്ണേഴ്സിനായി 350ൽ ഏറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആഴ്സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങളും നേടിയ റാംസിക്ക് ഉനായ് എമിറെയുടെ കീഴിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇത് താരത്തിന്റെ ഭാവി പ്രതിസന്ധിയിൽ ആക്കിയിരുന്നു‌.

വെയിൽസിനായി അമ്പതിലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള റാംസി യുവന്റസ് മിഡ്ഫീൽഡിന് വലിയ മുതൽക്കൂട്ട് ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.