റാമോസ് ഇനി ഫ്രാൻസിൽ, പി എസ് ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും

റയൽ മാഡ്രിഡ് വിട്ട സെന്റർ ബാക്ക് സെർജിയോ റാമോസിനെ പി എസ് ജി സ്വന്തമാക്കും. പി എസ് ജിയും റാമോസും തമ്മിലുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. താരം നാളെ പാരീസിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. രണ്ടു വർഷത്തെ കരാർ ആകും റാമോസ് പി എസ് ജിയിൽ ഒപ്പുവെക്കുന്നത്. റയൽ മാഡ്രിഡിൽ താരം വാങ്ങിയിരുന്നതിനേക്കാൾ വലിയ വേതനം ആണ് പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നത്.

റാമോസിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് രണ്ട് ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും രണ്ടും താരം നിരസിച്ചു. ഈ വർഷം കരാർ അവസാനിച്ചതോടെ ആയിരുന്നു റാമോസ് റയൽ മാഡ്രിഡ് വിട്ടത്. താരം റയലിൽ തന്നെ കരാർ പുതുക്കും എന്നാണ് കരുതിയത് എങ്കിലും റയലും താരവും തമ്മിലുള്ള ചർച്ചകൾ പാളുകയായിരുന്നു. പി എസ് ജിയിൽ ഇപ്പോൾ സെന്റർ ബാക്കുകളായി ഉള്ള മാർക്കിനസും കിംബെബെക്കും ഒപ്പം റാമോസും കൂടി എത്തുന്നത് ക്ലബിന്റെ ഡിഫൻസ് ശക്തമാക്കും. എന്നാൽ റാമോസിനെ ബെഞ്ചിൽ ഇരുത്താൻ പോചടീനോക്ക് ആയേക്കില്ല.

അവസാന 16 വർഷങ്ങൾ റയൽ മാഡ്രിഡിന്റെ അവിഭാജ്യ ഘടകമായിരുന്നു സെർജിയോ റാമോസ്. നിർണായക മത്സരങ്ങളിൽ റാമോസിന്റെ പരിചയ സമ്പത്ത് പി എസ് ജിക്ക് തുണയാകും. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന പി എസ് ജി ലക്ഷ്യത്തിലേക്ക് എത്താനും റാമോസിന്റെ സാന്നിദ്ധ്യം സഹായകമാകും. റയലിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് റാമോസ്.