
ട്രാന്‍സ്ഫര്‍ വിൻഡോയിൽ റൂമറുകൾ പൊടിപൊടിക്കുകയാണ്, പുതിയ സീസണിന് മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടീമുകൾ എല്ലാം പുതിയ കളിക്കാർക്കായി രംഗത്തിറങ്ങി കഴിഞ്ഞു. പല ടീമുകളും പുതിയ കളിക്കാരെ ടീമിൽ ഇതിനകം എത്തിച്ചിട്ടുണ്ട്. പല ടീമുകളും അവരുടെ ഇതുവരെയുള്ള ട്രാൻസ്ഫർ റെക്കോർഡ് തുകയും തിരുത്തിയെഴുതി കഴിഞ്ഞു.
പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ട്രാന്‍സ്ഫറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആഴ്സണൽ: മെസൂത് ഓസിൽ
റയൽ മാഡ്രിഡിൽ നിന്നും 2013ൽ ആണ് ഈ ജർമൻ താരം 42.5മില്യൺ പൗണ്ടിന് ലണ്ടൻ ക്ലബിൽ എത്തിയത്. പ്രീമിയർ ലീഗിൽ ഇതുവരെ ആഴ്സണലിന് വേണ്ടി 116 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ഓസിൽ 23 ഗോളുകളും 42 അസിസ്റ്റുകളും സ്വന്തം പേരിലാക്കി കഴിഞ്ഞു. പ്രീമിയർ ലീഗിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് ഈ ജർമൻ താരം.
ബേൺമൗത്: ജോർഡൻ ഐബി
ലിവർപൂളിൽ നിന്നും 15മില്യൺ പൗണ്ടിനാണ് ഈ ഇംഗ്ലീഷ് മധ്യനിര താരം ബേൺമൗത്തിൽ എത്തിയത്. വലിയ പ്രതീക്ഷയോടെയാണ് ബേൺമൗത് ജോർഡനെ സ്വന്തമാക്കിയത് എങ്കിലും പ്രതീക്ഷക്കൊത്തുയരാൻ ജോർഡനു സാധിച്ചിട്ടില്ല.
ബ്രൈറ്റൺ : മാത്യു റയാൻ
ഓസ്ട്രേല്യയിൽ നിന്നുള്ള ഈ ഗോൾ കീപ്പർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ആണ് ബ്രൈറ്റണിൽ എത്തിയത്. ട്രാൻസ്ഫർ തുക എത്രയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല എങ്കിലും ക്ലബ് റെക്കോർഡ് തുകയ്ക്കാണ് റയാനെ ടീമിൽ എത്തിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ചു വരുന്ന ബ്രൈറ്റണിൽ മാത്യു റയാണ് തന്റെ കഴിവ് തെളിയിക്കാൻ മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്.
ബേൺലി: റോബി ബ്രാഡ്ലി
13മില്യൺ പൗണ്ടിനാണ് ഈ അയർലൻഡ് ദേശീയ താരം നോർവിച്ചിൽ നിന്നും ബേൺലിയിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഈ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്ലബിൽ എത്തിയത്. വിങ്ങറായും ലെഫ്റ്റ് ബാക് ആയും ഒരേപോലെ തിളങ്ങാൻ കഴിവുള്ള ബ്രാഡ്ലി ബേൺലിക്ക് ഒരു മുതൽകൂട്ടാവും എന്നതിൽ സംശയമില്ല.
ചെൽസി: ഫെർണാണ്ടോ ടോറസ്
ലിവർപൂളിൽ, എതിരാളികൾക്ക് മേൽ ഗോൾ മഴ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സ്പെയ്ൻ ദേശീയ താരം 2011ൽ 50 മില്യൻ പൗണ്ട് തുകക്ക് ചെൽസിയിൽ എത്തുന്നത്. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളായിരുന്ന ടോറസ് ചെൽസിയിൽ പൂച്ചകുഞ്ഞായി മാറുന്നതാണ് കണ്ടത്. നാല് വർഷ കാലയളവിൽ 110 മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. തുർടർന്നു 2015ൽ ടോറസ് തന്റെ പഴയ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറി.
ക്രിസ്റ്റൽ പാലസ്: ക്രിസ്റ്റയൻ ബെന്റകെ
ലിവർപൂളിൽ ക്ളോപ്പിനു കീഴിൽ അവസരം കിട്ടാതെ ബെഞ്ചിൽ ഇരിക്കുന്ന സമയത്താണ് ബെൽജിയൻ താരമായ ബെന്റകെ ക്രിസ്റ്റൽ പാലസിലേക്ക് 32 മില്യൺ തുകക്ക് 2016ൽ ചേക്കേറുന്നത്. പാലസിനെ പ്രീമിയർ ലീഗിൽനിന്നും തരം താഴത്തെ രക്ഷപെടുത്തിയതിൽ ബെന്റകെയുടെ പങ്ക് വളരെ വലുതാണ്. ചെൽസിയെ അട്ടിമറിച്ച മത്സരത്തിലെ മികച്ച ഗോളടക്കം 15 തവണ ബെന്റകെ ക്രിസ്റ്റൽ പാലസിനായി വലകുലുക്കി.
എവർട്ടൻ: ജോർഡൻ പിക്ഫോർഡ്
സണ്ടർലാന്റിൽ നിന്നും 30മില്യൺ പൗണ്ട് തുകയ്ക്കാണ് എവർട്ടൻ ഈ ഇംഗ്ലീഷ് ഗോൾകീപ്പറെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഇംഗ്ലീഷ് ഗോൾ കീപ്പറിന് ലഭിച്ച ഏറ്റവും വലിയ തുകയാണിത്. സണ്ടർലാന്റിനു വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച പിക്ഫോർഡ് 135 സേവുകളും നടത്തിയിരുന്നു.
ഹഡഴ്സ്ഫീൽഡ് : ക്രിസ്റ്റഫർ ഷിൻഡ്ലർ
ജർമനിയിൽ നിന്നുമുള്ള ഈ സെന്റർ ബാക്ക് 2016ലാണ് 1.8 മില്യൺ പൗണ്ട് തുകക്ക് ഹഡഴ്സ്ഫീൽഡിൽ എത്തുന്നത്. ഹഡഴ്സ്ഫീൽഡിനെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിൽ നിർണായ പങ്ക് വഹിച്ച ഷിൻഡ്ലർ റീഡിങിനെതിരായ പ്ലേയോഫ് മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയ ഗോളും നേടിയിരുന്നു.
ലെസ്റ്റർ സിറ്റി: ഇസ്ലാം സ്ലിമാനി
2016ലാണ് ഇസ്ലാം സ്ലിമാനി സ്പോർട്ടിങ് ക്ലബിൽ നിന്നും ലെസ്റ്റർ സിറ്റിയിൽ 29മില്യൺ പൗണ്ട് തുകക്ക് എത്തുന്നത്. സ്പോർട്ടിങ്ങിലെ മികവ് നിലനിർത്താനായില്ലെങ്കിലും 23 മല്‍സരങ്ങളിൽ ലെസ്റ്റർ സിറ്റിക്കായി ബൂട്ട് കെട്ടിയ ഈ അൾജീരിയൻ താരം 7 തവണ എതിരാളികളുടെ വല കുലുക്കി.
ലിവർപൂൾ : സാഡിയോ മാനേ
ലിവർപൂളിന്റെ കഴിഞ്ഞ സീസണിലെ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഈ സെനഗൽ താരം. സൗത്താംപ്ടണിൽ വിങ്ങറായി തിളങ്ങി നിൽക്കുമ്പോഴാണ് ക്ളോപ് 36മില്യൺ പൗണ്ടിന് മാനേയെ ആൻഫീൽഡിൽ എത്തിക്കുന്നത്. ടീമിൽ എത്തിയത് മുതൽ ലിവർപൂളിന്റെ അവിഭാജ്യ ഘടകമായി മാറിയ മാനേ 13 തവണ എതിരാളികളുടെ വല കുലുക്കി.
മാഞ്ചസ്റ്റർ സിറ്റി: കെവിൻ ഡി ബ്രൂയ്ൻ
ചെൽസിയിൽ നിന്നും 2013ൽ ജർമൻ ക്ലബായ വോൾഫ്സ്ബർഗിലേക്ക് എത്തിയ ഡിബ്രൂയ്ൻ 2015 ട്രാൻസ്ഫർ വിൻഡോയിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. ഏകദേശം 55മില്യൺ പൗണ്ട് ആണ് മാഞ്ചസ്റ്റർ സിറ്റി ഈ ബെൽജിയൻ താരത്തിന് വേണ്ടി മുടക്കിയത്. പ്രീമിയർ ലീഗിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ കെഡിബി മാഞ്ചസ്റ്റർ സിറ്റിക്കായി 13 തവണ വലകുലുക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡ് : പോൾ പോഗ്ബ
ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിൽ നിന്നും പോൾ പോഗ്ബയെന്ന മിഡ്ഫീൽഡറെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്. ഏകദേശം 89മില്യൺ പൗണ്ട് ആണ് പോഗ്ബക്ക് യുവന്റസ് വിലയിട്ടത്. 2012ൽ ഫ്രീ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തന്നെ യുവന്റസിൽ എത്തിയ പോഗ്ബ മിന്നും പ്രകടനമാണ് കാഴ്ചവെചിരുന്നത്, അത് കൊണ്ട് തന്നെ എന്ത് വിലകൊടുത്തും ടീമിൽ തിരികെ എത്തിക്കാൻ ഹോസെ മൗറിഞ്ഞോ തയ്യാറുമായിരുന്നു. തന്റെ പെരുമക്കൊത്ത പ്രകടനം ഓൾഡ് ട്രാഫോഡിൽ പുറത്തെടുക്കാൻ പോഗ്ബക്ക് കഴിഞ്ഞില്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗ് നേടികൊടുക്കുന്നതിൽ മികച്ച പങ്ക് വഹിക്കാൻ പോഗ്ബക്കായി.
ന്യൂകാസിൽ യുണൈറ്റഡ് : മൈക്കൽ ഓവൻ
2005ൽ റയൽ മാഡ്രിഡിൽ നിന്നുമാണ് 17മില്യൺ പൗണ്ടിന് ന്യൂകാസിൽ ഈ മുൻ ഇംഗ്ലണ്ട് ദേശീയ താരത്തെ വാങ്ങുന്നത്. 2005-09 കാലയളവിൽ 71 തവണ ന്യൂകാസിലിനു വേണ്ടി ബൂട്ട് കെട്ടിയ ഓവൻ 26 തവണ വല കുലുക്കി. പരിക്ക് മൂലം ഭൂരിഭാഗം സമയവും കളത്തിനു വെളിയിൽ ആയിരുന്നു ഓവന് സ്ഥാനം. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഓവന്റെ പേരിൽ തന്നെയാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ട്രാൻസ്ഫർ റെക്കോർഡ്.
സൗത്താംപ്ടൺ : സോഫിയാനെ ബൗഫൽ
മൊറോക്കോയിൽ നിന്നുള്ള ഈ അറ്റാക്കിങ് മിഡ്ഫീൽഡറെ 16മില്യൺ പൗണ്ടിന് ഫ്രഞ്ച് ക്ലബ് ലില്ലിയിൽ നിന്നാണ് സൗത്താംപ്ടൺ സ്വന്തമാക്കിയത്.
സ്റ്റോക് സിറ്റി : ജിയാനെലി ഇമ്പുള
ഏകദേശം 19മില്യൺ പൗണ്ടിന് 2016ൽ പോർട്ടോയിൽ നിന്നാണ് ഈ ഫ്രഞ്ചുകാരൻ സ്റ്റോക്കിൽ എത്തിയത്. ടീമിൽ ഇതുവരെ സെറ്റ് ആവാത്ത ഇമ്പുള പുറത്തേക്കുള്ള വഴികൾ നോക്കുകയാണ്.
സ്വാൻസി: ബോർജ ഗോൺസാലസ്
15.5 മില്യൺ പൗണ്ടിന് അത്ലറ്റികോ മാഡ്രിഡിൽ നിന്നും സ്വാൻസിയിൽ എത്തിയ ബോർജ 18 മത്സരങ്ങളിൽ സ്വാൻസിക്കായി ഇറങ്ങി എങ്കിലും ഒരു ഗോൾ മാത്രമാണ് ഇതുവരെ സ്കോർ ചെയ്തത്.
ടോട്ടൻഹാം: എറിക് ലമേല / മൂസ സിസോക്കോ
30 മില്യൺ പൗണ്ട് വീതമാണ് എറിക് ലമേലായെയും മൂസ സിസോക്കോയെയും വൈറ്റ് ഹാർട് ലൈനിൽ എത്തിക്കാൻ സ്പർസ് മുടക്കിയത്. 2013ൽ ഇറ്റാലിയൻ ക്ലബായ റോമയിൽ നിന്നാണ് അർജന്റീനക്കാരനായ ലമേലയെ സ്പർസ് സ്വന്തമാക്കിയത്. 2016ൽ തരം താഴ്ത്തപ്പെട്ട ന്യൂകാസിലിൽ നിന്നാണ് മൂസ സിസോകോയെ സ്പർസ് സ്വന്തമാക്കിയത്.
വാറ്റ്ഫോഡ് : റോബർട്ടോ പെരേര
യുവന്റസിൽ നിന്നും 13 മില്യൺ മുടക്കിയാണ് 2016ൽ ഈ അർജന്റീനക്കാരനെ വാറ്റ്ഫോഡ് സ്വന്തമാക്കിയത്. പരിക്ക് മൂലം ഭൂരിഭാഗം സമയവും പുറത്തിരുന്ന പെരേര 13 മത്സരങ്ങളിൽ മാത്രമാണ് ബൂട്ട് കെട്ടിയത്.
വെസ്റ്റ്ബ്രോം : നാസർ ഷാഡ്ലി
ബെൽജിയത്തിൽ നിന്നുമുള്ള ഈ വിങ്ങറെ 13മില്യൺ മുടക്കിയാണ് സ്പർസിൽ നിന്നും ടോണി പുലിസ് വെസ്റ്റ്ബ്രോമിൽ എത്തിക്കുന്നത്. 31 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഷാഡ്ലി 5 തവണ എതിരാളികളുടെ വലകുലുക്കി.
വെസ്റ്റ്ഹാം യുണൈറ്റഡ് : ആൻഡ്രെ ആയു
ഘാനയിൽ നിന്നുള്ള ആയുവിനെ 20.5 മില്യൺ പൗണ്ട് മുടക്കിയാൻ വെസ്റ്റ്ഹാം സ്വാൻസിയിൽ നിന്നും ടീമിൽ എത്തിച്ചത്. 25 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ കണ്ടെത്താനെ ഈ ഫോർവേഡിനു കഴിഞ്ഞുള്ളു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial