നോർവേ താരം ഒല സോൾബാക്കൻ നാപോളിയിലേക്ക്

20220721 201252

നോർവെ താരം ഒല സോൾബാക്കനെ ടീമിൽ എത്തിക്കാനുള്ള നപോളിയുടെ നീക്കങ്ങൾ ഫലം കാണുന്നു. താരവുമായി നപോളി വ്യക്തിപരമായ കരാറിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ നിലവിലെ ക്ലബ്ബ് ആയ ബുഡോ ഗ്ലിംത്തുമായുള്ള കരാർ അടുത്ത വർഷം ജനുവരിയോടെ അവസാനിക്കുകയാണ്. അതിന് ശേഷമാകും താരം ഇറ്റാലിയൻ ലീഗിലേക്ക് എത്തുക.

നിലവിലെ കരാർ അവസാനിക്കാൻ ആറു മാസം മാത്രമുള്ളതിനാൽ പുതിയ ടീമുമായി കരാർ ചർച്ചകൾ നടത്താൻ താരത്തിന് തടസങ്ങൾ ഒന്നുമില്ല. നാപോളിയുമായി ധാരണയിൽ എത്തിയതോടെ ഇരുപത്തിമൂന്ന്കാരൻ നോർവേ ക്ലബ്ബുമായുള്ള കരാർ നീട്ടില്ല. റോമയും മുന്നേറ്റ താരത്തിന് പിറകെ ഉണ്ടായിരുന്നെങ്കിലും അവസാന ചിരി നാപോളിയുടേതായി.

വലത് വിങ്ങിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന താരം നോർവേ ടീമിനായി ഇതുവരെ എൺപതിരണ്ടു മത്സരങ്ങളിൽ നിന്നും പതിനേഴ് ഗോളും ഇരുപത് അസിസ്റ്റും നേടിയിട്ടുണ്ട്. നോർവേ ദേശിയ ടീമിനായും ബൂട്ട് കെട്ടിയിട്ടുണ്ട്. യുവേഫ കോൺഫെറൻസ് ലീഗിൽ ആറു ഗോളും രണ്ടു അസിസ്റ്റും നേടി അവസാന സീസണിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.