Site icon Fanport

നസ്രി ഇനി കമ്പനിയുടെ തന്ത്രങ്ങൾക്ക് കീഴിൽ കളിക്കും

സമീർ നസ്രി ഇനി വിൻസെന്റ് കമ്പനിയുടെ ടീമിൽ. ഫ്രീ ട്രാൻസ്ഫറിലാണ് കമ്പനിയുടെ മുൻ മാഞ്ചസ്റ്റർ സിറ്റി സഹ താരമായ നസ്രി ആന്ദർലെക്റ്റ് ക്ലബ്ബിൽ ചേർന്നത്. ക്ലബ്ബിന്റെ പ്ലെയർ കം മാനേജരാണ് സിറ്റി ഇതിഹാസമായ കമ്പനി. ജനുവരി മുതൽ വെസ്റ്റ് ഹാമിൽ കളിച്ച താരത്തിന് പക്ഷെ സ്ഥിരം കരാർ നൽകാൻ ഹാമേഴ്സ് വിസമ്മതിച്ചതോടെയാണ് താരം ബെൽജിയൻ ക്ലബ്ബിലേക്ക്‌ മാറാൻ തീരുമാനിച്ചത്.

2011 മുതൽ കമ്പനിക്കൊപ്പം 6 വർഷത്തോളം സിറ്റിയിൽ കളിച്ച താരമാണ് മുൻ ഫ്രഞ്ച് ദേശീയ ടീം അംഗം കൂടിയായ നസ്രി. ആഴ്സണലിൽ നിന്നാണ് താരം സിറ്റിയിൽ എത്തുന്നത്. പെപ്പ് ഗാർഡിയോള പരിശീലകനായി വന്നതോടെയാണ് അവസരങ്ങൾ കുറഞ്ഞ നസ്രി സിറ്റി വിട്ടത്. വെസ്റ്റ് ഹാമിൽ 6 മാസത്തിനിടെ വെറും 6 കളികൾ മാത്രം കളിച്ച താരത്തിന് തന്റെ കരിയർ വീണ്ടും സജീവമാകാനുള്ള അവസരമാണ് കമ്പനി നൽകിയിരിക്കുന്നത്. അച്ചടക്ക പ്രശ്നങ്ങൾക് ഏറെ പ്രശസ്തനായ താരത്തെ കമ്പനി എന്ന പരിശീലകൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്.

Exit mobile version