Site icon Fanport

ഗബ്രി വെയ്ഗക്ക് വേണ്ടി നീക്കമാരംഭിച്ച് നാപോളി

സീരി എ ചാമ്പ്യന്മാരായ നാപോളി അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. സെൽറ്റ വീഗോയുടെ യുവ പ്രതിഭ ഗബ്രി വെയ്ഗയെ എത്തിക്കാൻ ടീമിന് താല്പര്യമുള്ളതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ ടീം വിടുമെന്ന് ഏതാണ്ട് ഉറപ്പായ താരത്തിന് റിലീസ് ക്ലോസ് ആയ നാൽപത് മില്യൺ യൂറോ ആകും സെൽറ്റ വീഗോ ആവശ്യപ്പെടുക. ഏകദേശം 35 മില്യൺ മുടക്കാൻ നാപോളി തയ്യാറാണെന്ന് ഡി മാർസിയോ ചൂണ്ടിക്കാട്ടി.
Gabri veiga
എന്നാൽ താരത്തിന്റെ തീരുമാനം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ടീമുകൾ തമ്മിൽ നിരന്തര സമ്പർക്കത്തിലാണ്. ഇറ്റലിയിലേക്ക് ചേക്കേറാൻ താരം സമ്മതം മൂളുന്ന നിമിഷം നാപോളി ഓഫറുമായി എത്തും. നേരത്തെ ലിവർപൂൾ അടക്കമുള്ള വമ്പൻ ടീമുകൾ വെയ്ഗക്ക് പിറകെ ഉള്ളതായി റിപ്പോർടുകൾ വന്നിരുന്നു. മിഡ്ഫീൽഡിൽ ഗോളുകൾ കണ്ടെത്താൻ കഴിവുള്ള താരം കഴിഞ്ഞ സീസണിൽ സെൽറ്റക്ക് വേണ്ടി 11 ഗോളും നാലു അസിസ്റ്റും സ്വന്തമാക്കി. പ്രമുഖ താരം സെലിൻസ്കിക്ക് പകരക്കാരനായാണ് 21കാരൻ നാപോളി കാണുന്നത്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന സെലിൻസ്കി വീണ്ടും ടീമിൽ തുടരുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല.

Exit mobile version