നാബി കീറ്റയ്ക്ക് വേണ്ടി ലിവർപൂൾ

ആർബി ലെപ്സിഗിന്റെ മിഡ് ഫീൽഡർ നാബി കീറ്റയ്ക്ക് വേണ്ടിയുള്ള ലിവർപൂളിന്റെ ശ്രമങ്ങൾ തുടരുന്നു. ബുണ്ടസ് ലീഗ് അരങ്ങേറ്റത്തിൽ തന്നെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ഫുട്ബോൾ ലോകത്തെ ലെപ്സിഗ് ഞെട്ടിച്ചത്. എനർജി ഡ്രിങ്ക് ഭീമന്മാരായ റെഡ് ബുൾ ആണ് ആർബി ലെപ്സിഗിന്റെ ഉടമകൾ. അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ് പ്രവേശനം നേടിയ ക്ലബ്ബിന്റെ കുതിപ്പിന് കാരണമായവരിലൊരാൾ നാബി കീറ്റയാണ്. 22 കാരനായ നാബി കീറ്റ തന്റെ ആദ്യ ബുണ്ടസ് ലീഗ സീസണിൽ 8 അസിസ്റ്റുകളും 8 ഗോളുകളും നേടി. ലെപ്സിഗിനൊപ്പം നാബി കീറ്റ ലോക ഫുട്ബോളിന്റെ ശ്രദ്ധയാകർഷിച്ചു. പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ ഗ്വിനിയൻ വംശജനായ താരത്തിന് വേണ്ടി 57 മില്യൺ യൂറോയുടെ ഓഫർ ആണ് മുൻപോട്ട് വെച്ചത്. എന്നാൽ റെഡ് ബുൾ ഈ ഓഫർ നിരസിക്കുകയായിരുന്നു. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 70 മില്യൺ യൂറോയുടെ രണ്ടാമതൊരു ഓഫർ ലിവർപൂൾ നാബി കീറ്റയ്ക്ക് വേണ്ടി ലെപ്സിഗിന് നൽകുമെന്നറിയുന്നു.
2020 വരെയാണ് നാബി കീറ്റയുടെ ലെപ്സിഗുമായുള്ള കരാർ. കഴിഞ്ഞ സീസണിലാണ് റെഡ്ബുള്ളിന്റെ തന്നെ ഓസ്ട്രിയൻ ടോപ് ലീഗ് ക്ലബ്ബായ സാൽസ്ബർഗിൽ നിന്നും നാബി കീറ്റ ലെപ്സിഗിൽ എത്തുന്നത്. ആദ്യമായി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങുമ്പോൾ കൂടെയുള്ള മികച്ച യുവതാരത്തിനെ നഷ്ടപ്പെടുത്താതിരിക്കാനാണ് റെഡ്ബുള്ളിന്റെ ലെപ്സിഗ് ശ്രമിക്കുന്നത്. എന്നാൽ എന്ത് വിലകൊടുത്തും യുവതാരത്തിനെ ആൻഫീൽഡിൽ എത്തിക്കാനാണ് മാനേജർ ക്ലൊപ്പ് ശ്രമിക്കുന്നത്. ലിവർപൂളിലേക്ക്പോവാൻ നാബി കീറ്റയ്ക്കും താൽപര്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആൻഫീൽഡിൽ എത്തിയാൽ സ്റ്റീവൻ ജെറാഡിന്റെ 8ആം നമ്പർ ജേഴ്സിയിൽ നാബി കീറ്റ കളിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial