മിലിക്കിന് പിറകെ യുവന്റസ്, ഡീപെയ് എത്തിയേക്കില്ല

Nihal Basheer

20220823 172133
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ നിരയിൽ മൊറാട്ടയുടെ വിടവ് നികത്താനുള്ള യുവന്റസിന്റെ ശ്രമങ്ങൾ തുടരുന്നു. ബാഴ്‌സയിൽ നിന്നും മെംഫിസ് ഡീപെയെ എത്തിക്കാനിരുന്ന യുവന്റസിന്റെ പരിഗണനയിലേക്ക് ഒളിമ്പിക് മാഴ്സെ താരം മിലിക് കൂടി എത്തിയിരിക്കുകയാണ്. മുൻ നാപോളി താരം കൂടിയായ മിലിക്കിന് വേണ്ടി മാഴ്സെയുമായി ഏകദേശ ധാരണയിൽ എത്താൻ യുവന്റസിന് സാധിച്ചിട്ടുണ്ട്. ഒരു വർഷത്തെ ലോണിൽ ആവും താരത്തെ ടീമിലേക്ക് എത്തിക്കുക. രണ്ടു മില്യൺ യൂറോ ലോൺ ഫീ ആയി കൈമാറും. സീസണിന് ശേഷം എട്ട് മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാനും യുവന്റസ് ക്ലബിന് പദ്ധതിയുണ്ട്.

ഡീപെയുമായുള്ള ചർച്ചകൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോകാതെ ഇരുന്നതോടെയാണ് യുവന്റസ് മറ്റ് സാധ്യതകൾ അന്വേഷിച്ചത്. ബാഴ്‌സയിൽ നിന്നും ഫ്രീ ഏജന്റ് ആയി വരാൻ കഴിയുമെങ്കിലും കൂടിയ സാലറിയാണ് താരം ആവശ്യപ്പെട്ടത്. അതേ സമയം മിലിക്കിനെ വളരെ കുറഞ്ഞ സാലറിയിൽ എത്തിക്കാൻ ആവും. നാല് സീസണുകളിൽ നാപോളിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരത്തിന് സീരി എയിൽ മത്സര പരിചയവും ഉണ്ട്.

മുൻ നിരയിൽ പന്ത് കൈവശം വെച്ചു കളിക്കാൻ പാകത്തിൽ ഒരു മുന്നേറ്റ താരത്തെ വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കോച്ച് അല്ലേഗ്രി സമനിലയിൽ പിരിഞ്ഞ സാംപ്ഡോരിയയുമായുള്ള മത്സര ശേഷം സംസാരിച്ചിരുന്നു. പോളണ്ട് താരത്തിന്റെ കൈമാറ്റം അല്ലേഗ്രി കൂടി സമ്മതം മൂളുന്നതോടെ സാധ്യമാകും.