മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം സൈനിംഗ് റെഡി, വാൻ ബിസാകയുമായി കരാർ ധാരണ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് അവസാനം ഒരു ആശ്വാസ വാർത്ത. അവരുടെ പുതിയ സീസണായുള്ള രണ്ടാം സൈനിംഗും പൂർത്തിയാകുന്നു. ക്രിസ്റ്റൽ പാലസിന്റെ യുവ ഡിഫൻഡർ വാൻ ബിസാകയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയായി. താരം ഉടൻ തന്നെ മെഡിക്കലിനായി കാരിങ്ടണിൽ എത്തും. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് യുവ റൈറ്റ് ബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിനായി വാൻ ബിസാക നടത്തിയ പ്രകടനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 50 മില്യണോളമാകും മാഞ്ചസ്റ്റർ യുണൈറ്റഡ് വാം ബിസാകയ്ക്ക് വേണ്ടി ചിലവഴിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഡിഫൻഡർക്കായി ഇത്ര തുക ചിലവഴിക്കുന്നത് ആദ്യമാണ്.

റൈറ്റ് ബാക്കിൽ നീണ്ട കാലമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ഇതോടെ അവസാനമാകുമെന്ന് കരുതപ്പെടുന്നു. ഡിയാഗോ ഡാലോട്ട് ഉണ്ടെങ്കിലും വാൻ ബിസാക ആയിരിക്കും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൈറ്റ് ബാക്കിലെ ആദ്യ ചോയിസ്. നേരത്തെ വിങ്ങറായ ഡാനിയൽ ജെയിംസിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഇനിയും രണ്ടോ മൂന്നോ സൈനിംഗുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുമെന്നാണ് കരുതുന്നത്. 21കാരനായ ബിസാക 11 വയസ്സു മുതൽ ക്രിസ്റ്റൽ പാലസ് അക്കാദമിയിൽ ഉള്ള താരമാണ് ബിസാക. ഇംഗ്ലണ്ട് അണ്ടർ 21 ടീമിലും മികച്ച പ്രകടനം ബിസാക നടത്തിയിരുന്നു.

Advertisement