മാനോർ സോളോമൻ ഫുൾഹാമിന് കളിക്കാനായി പ്രീമിയർ ലീഗിലേക്ക്

പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ഫുൾഹാം ടീം ശക്തിപ്പെടുത്താൻ ഉള്ള നീക്കങ്ങൾ ആരംഭിച്ചു. ശക്തർ ഡോണെസ്‌കിൽ നിന്നും മാനോർ സോളോമനെ അവർ ടീമിൽ എത്തിക്കും. 2019 മുതൽ ഉക്രൈൻ ക്ലബ്ബിൽ താരം കളിക്കുന്നുണ്ട്. 109 മത്സരങ്ങളിൽ ക്ലബ്ബിനായി ഇറങ്ങി. ഏഴു മില്യൺ യൂറോയോളമാണ് കൈമാറ്റ തുക.

മുൻപും താരത്തിനായി ഫുൾഹാം ശ്രമിച്ചിരുന്നെങ്കിലും കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. യുവതാരം ഫാബിയോ കാർവലോ ലിവർപൂളിലേക്ക് ചേക്കേറിയ സ്ഥാനത്തേക്കാണ് ഫുൾഹാം ഇസ്രായേലി താരത്തെ എത്തിക്കുന്നത്. ടീമിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഫാബിയോ കാർവലോക്ക് പകരക്കാരൻ ആവാൻ ഇരുപത്തിരണ്ടുകാരന് സാധിക്കുമെന്ന് ക്ലബ്ബ് കരുതുന്നു. താരത്തിന്റെ ഏജന്റുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.

ഒരു സീസണിന്റെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന ഫുൾഹാം, ഒരു പിടി മികച്ച താരങ്ങളെ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ്.