മംഗാല മാഞ്ചസ്റ്റർ സിറ്റി വിട്ട് വലൻസിയയിൽ

ഫ്രഞ്ച് സെന്റർ ബാക്ക് എലിയക്യിം മംഗാല മാഞ്ചസ്റ്റർ സിറ്റി വിട്ടു. താരം സ്പാനിഷ് ക്ലബായ വലൻസിയയുമായി കരാർ ഒപ്പുവെച്ചു. രണ്ട് വർഷത്തെ കരാറിലാണ് മംഗാല വലൻസിയയിൽ എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ 2014 മുതൽ ഉണ്ട് എങ്കിലും അവസാന വർഷങ്ങളിൽ സിറ്റിയിൽ കാര്യമായ അവസരങ്ങൾ താരത്തിന് കിട്ടിയിട്ടില്ല. ആകെ 57 മത്സരങ്ങൾ മാത്രമേ മംഗാല സിറ്റിക്കായി കളിച്ചുള്ളൂ.

കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ എവർട്ടണിൽ ആയിരുന്നു മംഗാല കളിച്ചത്. വലൻസിയയിലേക്കുള്ള താരത്തിന്റെ രണ്ടാം വരവാണിത്. 2016-17 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണടിസ്ഥാനത്തിൽ എത്തി മംഗാല കളിച്ചിരുന്നു. മുമ്പ് പോർട്ടോയ്ക്കായും താരം കളിച്ചിട്ടുണ്ട്.