മാഞ്ചസ്റ്ററിൽ വീണ്ടുമൊരു നെമാഞ്ച

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നെമാഞ്ച വിഡിച്ചിനു ശേഷം ഒരു നെമാഞ്ച കൂടി എത്തിയിരിക്കുന്നു. സെർബിയൻ താരം നെമാഞ്ച മാറ്റിച്ച്. മാറ്റിച്ചിന്റെ സൈനിങ് ഇന്ന് ഔദ്യോഗികമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. മൂന്നു വർഷത്തെ കരാറിലാണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്. ഏകദേശം 40 മില്യൺ യൂറോയോളമാണ് കരാർ തുക എന്നാണ് വിവരങ്ങൾ.

ചെൽസിയുടെ അവസാന രണ്ടു കിരീട നേട്ടത്തിലും പ്രധാന പങ്കു വഹിച്ച താരമാണ് മാറ്റിച്ച്. പ്രായവും സ്ഥിരതയില്ലായ്മയും വിമർശനങ്ങളായി താരത്തിനു നേരെ ഉണ്ടെങ്കിലും പ്രീമിയർ ലീഗിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി തന്നെ ഇന്നും മാറ്റിച്ച് ഉണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡിൽ മാറ്റിച്ച് എത്തുന്നതോടെ പോഗ്ബയേയും ഹെരേരയേയും കുറച്ചുകൂടി ഫ്രീ റോളിൽ മൗറീന്യോയ്ക്ക് കളിപ്പിക്കാനാകും. ക്യാപ്റ്റൻ മൈക്കിൾ കാരിക്കിന്റെ അവസാന സീസണാകും ഇത് എന്നതും മാറ്റിച്ചിന്റെ വരവിനു പിറകിലുണ്ട്.

നേരത്തെ മൗറീന്യോയ്ക്ക് കീഴിലായിരുന്നു മാറ്റിച്ച് പ്രീമിയർ ലീഗിൽ തന്റെ ഏറ്റവും മികവിലേക്ക് ഉയർന്നത്. മാഞ്ചസ്റ്ററിൽ ഇപ്പോൾ മാറ്റിച്ചിനെ കൂടാതെ ഹുവാൻ മാറ്റ, ലുകാകു എന്നിവരും മുമ്പ് ചെൽസിയിൽ ഹോസയ്ക്കു കീഴിൽ കളിച്ചവരായി ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാം സൈനിങാണ് ഇത്. ഒരു താരം കൂടെ ക്ലബിലേക്ക് എത്തിയേക്കും എന്നാണ് സൂചനകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement