സ്പാനിഷ് മജീഷ്യൻ തിയാഗോ ഇനി ലിവർപൂളിന്റെ ചുവപ്പിൽ!

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ബയേണിന്റെ സ്പാനിഷ് താരം തിയാഗോ അൽകാന്റ്രയെ സ്വന്തമാക്കി. 30മില്ല്യൺ യൂറോ നൽകിയാണ് സ്പാനിഷ് താരത്തെ ആൻഫീൽഡിൽ എത്തിച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും ഉയർത്തി ട്രെബിൾ നേടിയാണ് തിയാഗോ ആൻഫീൽഡിലേക്ക് എത്തുന്നത്. അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്.

ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് തിയാഗോ വിശേഷിപ്പിക്കപ്പെടുന്നത്. ബാഴ്സയിൽ കരിയർ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യൻ സ്പെയിൻ ദേശീയ ടീമിനായി 39 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. 29കാരനായ തിയാഗോ ലിവർപൂളിൽ എത്തുന്നതോടെ ലിവർപൂൾ മധ്യനിര ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിരയിൽ ഒന്നാകും. ഒൻപത് ലീഗ് കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗും രണ്ട് ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയാണ് ലിവർപൂളിന്റെ മധ്യനിര ഭരിക്കാൻ തിയാഗോ എത്തുന്നത്.

Comments are closed.