Picsart 24 01 04 10 43 11 039

ലിംഗാർഡിനെ സൈൻ ചെയ്യാൻ എവർട്ടൺ ശ്രമം

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്വന്തമാക്കാൻ എവർട്ടൺ ശ്രമിക്കുന്നു. ഈ സീസൺ അവസാനം വരെയുള്ള ഒരു കരാർ ആണ് എവർട്ടൺ ലിംഗാർഡിന് മുന്നിൽ വെച്ചിരിക്കുന്നത്. ലിംഗാർഡ് ഇപ്പോഴും ഫ്രീ ഏജന്റാണ്. ഈ സീസണിൽ ഇതുവരെ ഒരു ടീമിലും ലിംഗാർഡ് സൈൻ ചെയ്തിട്ടില്ല.

സൗദി അറേബ്യൻ ക്ലബായ ഇത്തിഫാഖിൽ ലിംഗാർഡ് പരിശീലനം നടത്തിയിരുന്നു. അവരും ലിംഗാർഡുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്ത താരം ഇത്തിഫാഖിനായി സൗഹൃദ മത്സരങ്ങൾ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു‌.

ജെസ്സി ലിംഗാർഡിനെ അദ്ദേഹത്തിന്റെ ക്ലബായിരുന്ന നോട്ടിങ്ഹാം ഫോറസ്റ്റ് കഴിഞ്ഞ സീസൺ അവസാനത്തോടെ റിലീസ് ചെയ്തിരുന്നു. ഒരൊറ്റ വർഷം കൊണ്ട് താരം ക്ലബ് വിടേണ്ടി വന്നത് താരത്തിന്റെ ഫിറ്റ്നസും ഫോമും കാരണമായിരുന്നു. ഫോറസ്റ്റിനായി ആകെ 17 മത്സരങ്ങൾ മാത്രമെ ലിംഗാർഡ് കളിച്ചുള്ളൂ. ലിംഗാർഡിന് കാര്യമായി ഫോറസ്റ്റ് ജേഴ്സിയിൽ തിളങ്ങാൻ ആയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്. അവസാന സീസണുകളിൽ യുണൈറ്റഡിൽ അവസരം കുറഞ്ഞതോടെ ആയിരുന്നു താരം ക്ലബ് വിട്ടത്. മുമ്പ് വെസ്റ്റ് ഹാമിനായി ലോണിൽ കളിച്ചും ലിംഗാർഡ് തിളങ്ങിയിരുന്നു.

Exit mobile version