നാബി കീറ്റ വരില്ല, ലിവർപൂളിന്‌ തിരിച്ചടി

- Advertisement -

ലെപ്സിഗ് മിഡ്ഫീൽഡർ നാബി കീറ്റയ്ക്ക് വേണ്ടിയുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. എത്ര വില പറഞ്ഞാലും താരത്തിനെ വിൽക്കില്ലെന്നു ആർബി ലെപ്‌സിഗ് മാനേജ്‌മെന്റ് ലിവർപൂളിനെ അറിയിച്ചു. ലെപ്‌സിഗിന്റെ പ്രധാനതാരങ്ങളിൽ ഒരാളായ നാബി കീറ്റയെ കൈ വിടാൻ ടീമിന് താല്പര്യമില്ല, ലിവർപൂൾ ഓഫർ മുന്നോട്ടു വെച്ച ഉടനെ ലെപ്‌സിഗ് കരാറിന് താല്പര്യമില്ലെന്നറിയിച്ചു.അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ് പ്രവേശനം നേടിയ ക്ലബ്ബിന്റെ കുതിപ്പിന്‌ കാരണമായവരിലൊരാൾ നാബി കീറ്റയാണ്.

22 കാരനായ നാബി കീറ്റ തന്റെ ആദ്യ ബുണ്ടസ് ലീഗ സീസണിൽ 8 അസിസ്റ്റുകളും  8 ഗോളുകളും  നേടി. ലെപ്‌സിഗിനൊപ്പം നാബി കീറ്റ ലോക ഫുട്ബോളിന്റെ ശ്രദ്ധയാകർഷിച്ചു. പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ ഗ്വിനിയൻ വംശജനായ താരത്തിന് വേണ്ടി 57 മില്യൺ യൂറോയുടെ ഓഫർ ആണ് മുൻപോട്ട് വെച്ചത്. എന്നാൽ റെഡ് ബുൾ ഈ ഓഫർ നിരസിക്കുകയായിരുന്നു. വീണ്ടും ലിവർപൂൾ മുന്നോട്ടു വെച്ച  70 മില്യൺ യൂറോയുടെ രണ്ടാമത്തെ ഓഫറും ഇപ്പോൾ ലെപ്‌സിഗ് നിരാകരിച്ചിരിക്കുകയാണ്.

2020 വരെയാണ് നാബി കീറ്റയുടെ ലെപ്സിഗുമായുള്ള കരാർ. ഈ സീസണിന്റെ അവസാനത്തോടെ ആക്ടിവേറ്റ് ആകുന്ന 55 മില്യൺ യൂറോയുടെ ബൈ ഔട്ട് ക്ളോസും കരാറിന്റെ ഭാഗമായുണ്ട്. കഴിഞ്ഞ സീസണിലാണ് റെഡ്ബുള്ളിന്റെ തന്നെ ഓസ്ട്രിയൻ ടോപ് ലീഗ് ക്ലബ്ബായ സാൽസ്ബർഗിൽ നിന്നും നാബി കീറ്റ ലെപ്‌സിഗിൽ എത്തുന്നത്. ആദ്യമായി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങുമ്പോൾ കൂടെയുള്ള മികച്ച യുവതാരത്തിനെ നഷ്ടപ്പെടുത്താതിരിക്കാനാണ് റെഡ്ബുള്ളിന്റെ ലെപ്‌സിഗ് ശ്രമിക്കുന്നത്. എന്നാൽഈ തീരുമാനത്തോടെ 22 കാരനായ ഗ്വിനിയൻ താരത്തെ ആൻഫീൽഡിൽ എത്തിക്കാനുള്ള ക്ളോപ്പിന്റെ ശ്രമങ്ങൾക്കാണ് തിരിച്ചടി നേരിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement