ലെസ്റ്റർ പ്രതിരോധം ശക്തിപ്പെടുത്താൻ ഡാനിഷ് യുവതാരം എത്തുന്നു

20230120 113828

റെലെഗേഷൻ സോണിന് രണ്ടു പോയിന്റ് മാത്രം മുകളിൽ നിൽക്കുന്ന ലെസ്റ്റർ സിറ്റി ടീം ശക്തമാക്കാനുള്ള നീക്കങ്ങളിലേക്ക് കടക്കുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ എന്ന പോലെ ഇത്തവണയും കാര്യമായ കൈമാറ്റങ്ങൾ ഒന്നും നടത്തിരുന്ന ടീം, ഡെന്മാർക്ക് താരം വിക്ടർ ക്രിസ്റ്റൻസനെ ടീമിലേക്ക് എത്തിക്കുന്നു എന്നാണ് പുതിയ വാർത്ത. ഏകദേശം ഇരുപത് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചര വർഷത്തേക്ക് ആയിരിക്കും കരാർ.

ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് കളിക്കുന്ന ക്രിസ്റ്റൻസൻ, കോപ്പൻഹേഗൻ താരമാണ്. ടീമിന്റെ തന്നെ യൂത്ത് സിസ്റ്റത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. 2020ൽ സീനിയർ ടീമിനായി അരങ്ങേറി. ഇതുവരെ എഴുപതോളം മത്സരങ്ങൾ കോപ്പൻഹേഗൻ ജേഴ്‌സി അണിഞ്ഞിട്ടുണ്ട് ഇരുപതുകാരൻ. അന്താരാഷ്ട്ര തലത്തിൽ ഡെന്മാർക്കിന്റെ വിവിധ യൂത്ത് ടീമുകൾക്ക് വേണ്ടിയും ക്രിസ്റ്റൻസൻ ബൂട്ടണിഞ്ഞിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ജെയിംസ് ജസ്റ്റിന് പരിക്ക് ഏറ്റ് സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും എന്നുറപ്പായതോടെയാണ് പകരക്കാരെ എത്തിക്കാനുള്ള നീക്കങ്ങൾ ലെസ്റ്റർ ആരംഭിച്ചത്.