Picsart 23 08 16 13 26 21 236

അയ്മെറിക് ലാപോർട്ടെയും സൗദിയിലേക്ക്, അൽ നസറിന്റെ ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചു

മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് വംശജനായ സ്പാനിഷ് പ്രതിരോധതാരം അയ്മെറിക് ലാപോർട്ടെയും സൗദി അറേബ്യയിലേക്ക്. 29 കാരനായ താരത്തിന് ആയി സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ മുന്നോട്ട് വെച്ച ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചു. 2 വർഷത്തെ മാഞ്ചസ്റ്റർ സിറ്റി കരാർ അവശേഷിക്കുന്ന ലാപോർട്ടെക്കും സൗദിയിൽ പോവാൻ താൽപ്പര്യം ഉണ്ട് എന്നാണ് റിപ്പോർട്ട്.

നേരത്തെ താരത്തിന് ആയി ആഴ്‌സണൽ ശ്രമിച്ചു എങ്കിലും സിറ്റി താരത്തെ ആഴ്‌സണലിന് വിൽക്കാൻ തയ്യാറായില്ല. നിലവിൽ സിറ്റിയിൽ അവസരങ്ങൾ കുറവായ താരത്തിനും ക്ലബ് വിടാൻ തന്നെയാണ് താൽപ്പര്യം. 2018 ൽ അത്ലറ്റികോ ബിൽബാവോയിൽ നിന്നു സിറ്റിയിൽ എത്തിയ ലാപോർട്ടെ സിറ്റിക്ക് ആയി 180 മത്സരങ്ങളിൽ ബൂട്ട് കെട്ടി. അവരുടെ ചാമ്പ്യൻസ് ലീഗ്, 5 പ്രീമിയർ ലീഗ്, 2 എഫ്.എ കപ്പ് കിരീട നേട്ടങ്ങളിൽ ഭാഗം ആയ ലാപോർട്ടെ 22 തവണ സ്പെയിനിന് ആയും കളിച്ചിട്ടുണ്ട്. അവരുടെ ഈ വർഷത്തെ നാഷൻസ് ലീഗ് നേടിയ ടീമിലും ലാപോർട്ടെ ഭാഗം ആയിരുന്നു.

Exit mobile version