20230713 194218

ലീഡ്സ് താരം ക്രിസ്റ്റൻസൻ എഎസ് റോമയിൽ

ട്രാൻസ്ഫർ വിൻഡോയിൽ ലീഡ്സിൽ നിന്നും മറ്റൊരു താരത്തെ കൂടി എത്തിച്ച് എഎസ് റോമ. പ്രതിരോധ താരം റാസ്മസ് ക്രിസ്റ്റൻസൻ ആണ് മൗറീഞ്ഞോയുടെ ടീമിലേക്ക് പുതുതായി എത്തിയത്. ഒരു വർഷത്തെ ലോണിലാണ് താരം വരുന്നത്. നേരത്തെ ഡീഗോ ലോറന്റെയേയും ലീഡ്സിൽ നിന്നും റോമ സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു. ക്രിസ്റ്റൻസന്റെ മെഡിക്കൽ പരിശോധനകൾ വെള്ളിയാഴ്ച നടക്കും. ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ഇരു താരങ്ങൾക്കും ലീഡ്സിൽ ടീം തരംതാഴ്ത്തപ്പെട്ടാൽ ഉണ്ടാവുന്ന റെലെഗെഷൻ ക്ലോസ് കൈമാറ്റത്തിൽ നിർണായകമായതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ സാൽസ്ബെർഗിൽ നിന്നും എത്തിയ ക്രിസ്റ്റൻസൻ ലീഡ്‌സിനായി ഇരുപത്തിയാറു മത്സരങ്ങളിൽ പന്ത് തട്ടി. മൂന്ന് ഗോളും സ്വന്തം പേരിൽ കുറിച്ചു. താരത്തിന്റെ ലോൺ ഡീലിൽ സീസണിന്റെ അവസാനം റോമക്ക് ക്രിസ്റ്റൻസനെ സ്വന്തമാക്കാൻ സാധിക്കുന്ന സാധ്യത ഉള്ളതായി സൂചനയില്ല. എന്നാൽ ഡീഗോ ലോറന്റെയെ സീസണിൽ പകുതി മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയാൽ റോമക്ക് സ്വന്തമാക്കാം. അഞ്ച് മില്യൺ യൂറോയും ഇതിനായി ചെലവഴിക്കേണ്ടി വരും. കഴിഞ്ഞ ജനുവരി മുതൽ റോമയിൽ ലോണിൽ കളിച്ചു വരികയായിരുന്നു ലോറന്റെ. അടുത്തതായി ടീം ഉന്നമിടുന്നത് റെനേറ്റോ സാഞ്ചസിനെ ആണെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ നൽകുന്ന സൂചന.

Exit mobile version