
വേണ്ടത്ര മത്സര സമയം ലഭിക്കുന്നതിനെ കുറിച്ച് ഉറപ്പൊന്നും ലഭിച്ചില്ലെങ്കിൽ റയൽ മാഡ്രിഡ് വിടുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ മറ്റയോ കൊവാച്ചിച്. വേണ്ടത്ര മത്സര സമയം ലഭിക്കുന്നില്ല എന്ന് പറഞ്ഞു ഗാരത് ബെയ്ലിനു പുറമെ കൊവാച്ചിച് കൂടെ രംഗത്തെത്തിയത് റയൽ മാഡ്രിഡിന് തലവേദയയായിരിക്കുകയാണ്.
ഈ സീസണിൽ 21 ലാലിഗ മത്സരങ്ങളിൽ മാത്രമാണ് കൊവാച്ചിചിന് ഇറങ്ങാൻ കഴിഞ്ഞിരുന്നത്. അതിൽ 10 തവണ മാത്രമാണ് ആദ്യ പതിനൊന്നിൽ കൊവാച്ചിചിന് ഇടം ലഭിച്ചത്. “വേണ്ടത്ര മത്സര സമയം ലഭിക്കും എന്നതിനെ കുറിച്ച് എനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ല, എനിക്ക് കൂടുതൽ കളിക്കണം” കൊവാച്ചിച് അഭിപ്രായപ്പെട്ടു.
2015ൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിൽ നിന്നുമാണ് കൊവാച്ചിച് റയൽ മാഡ്രിഡിൽ എത്തിയത്. റയൽ മാഡ്രിഡിന്റെ കൂടെ മൂന്ന് ചാമ്പ്യൻസ് ലീഗും ഒരു ലാലിഗയും നേടിയ കൊവാച്ചിച് രാജിവെച്ച കോച് സിദാനെ പുകഴ്ത്താനും മറന്നില്ല. സിദാന്റെ രാജി തന്നെ അത്ഭുതപ്പെടുത്തിയെന്നും കൊവാച്ചിച് കൂട്ടിച്ചേർത്തു.
കൊവാച്ചിചിന് പിറകെ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവരും ഇറ്റാലിയൻ ക്ലബ് യുവന്റസും ഉണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial