പിഎസ്ജിയുടെ ഗോൾ കീപ്പർ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി

പിഎസ്ജിയുടെ ഗോൾ കീപ്പർ കെവിൻ ട്രാപ്പ് ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി. ഒരു സീസണിലേക്ക് ലോണിലാണ് ഫ്രാങ്ക്ഫർട്ട് പാരിസിൽ നിന്നും താരത്തെ ജർമ്മനിയിൽ എത്തിച്ചത്. മൂന്നു വർഷത്തിന് ശേഷമാണ് ട്രാപ്പ് തന്റെ പഴയ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ തിരിച്ചെത്തുന്നത്. രണ്ടു ലീഗ് കിരീടങ്ങളടക്കം പത്ത് ട്രോഫികളാണ് പിഎസ്ജിയോടൊപ്പം താരം മൂന്നു വർഷത്തിൽ സ്വന്തമാക്കിയത്. 63 ലീഗ് 1 മത്സരങ്ങളിൽ ട്രാപ്പ് പിഎസ്ജിയുടെ വല കാത്തു.

ഇറ്റാലിയൻ ഇതിഹാസം ബുഫണിന്റെ പിഎസ്ജിയിലേക്കുള്ള വരവും അൽഫോൻസ് അരിയോളയുടെ മികച്ച ഫോമുമാണ് ട്രാപ്പിനെ ബുണ്ടസ് ലീഗയിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിച്ചത്. ഈഗിൾസിന് വേണ്ടി ട്രാപ്പ് 82 ബുണ്ടസ് ലീഗ മത്സരങ്ങളിൽ വലകാത്തിട്ടുണ്ട്. ജർമ്മനിക്ക് വേണ്ടി മൂന്നു മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരം, കോൺഫെഡറെഷൻ കപ്പ് നേടിയ ജർമ്മൻ ടീമിലും ഉൾപ്പെട്ടിരുന്നു. ജോവാക്കിം ലോ പ്രഖ്യാപിച്ച റഷ്യൻ ലോകകപ്പിനായുള്ള അവസാന ഇരുപതിമൂന്നംഗ സ്‌ക്വാഡിൽ ട്രാപ്പ് ഇടം നേടിയിരുന്നു

Exit mobile version