കെവിൻ പ്രിൻസ് ബോട്ടങ്ങിനെ സ്വന്തമാക്കി ബാഴ്‌സലോണ

കെവിൻ പ്രിൻസ് ബോട്ടങ്ങിനെ സ്വന്തമാക്കി ബാഴ്‌സലോണ. ഘാനയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ കെവിൻ പ്രിൻസ് ബോട്ടങ്ങിനെ ഈ സീസണിന്റെ അവസാനം വരെ ലോണിലാണ് ക്യാമ്പ് നൗവിൽ എത്തിച്ചത്. നിലവിൽ ഇറ്റാലിയൻ ക്ലബായ സസുവോളയുടെ താരമാണ് ബോട്ടങ്ങ്. എട്ടുമില്യണിന്റെ ബൈ ഔട്ട് ക്ലോസും പ്രിൻസിന്റെ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ നാല് ലീഗുകളിലും കളിച്ച അനുഭവ സമ്പത്തുമായാണ് പ്രിൻസ് ബാഴ്‌സയിൽ എത്തുന്നത്.

ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ താരം ജെറോം ബോട്ടങ്ങിന്റെ സഹോദരനാണ് കെവിൻ പ്രിൻസ് ബോട്ടാങ്ങ്. ഫ്രാങ്ക്ഫർട്ട്, എ സി മിലാൻ, ടോട്ടൻഹാം, ഡോർട്മുണ്ട്, ഹെർത്ത ബെർലിൻ, ഷാൽകെ എന്നി ക്ലബ്ബ്കൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫർട്ടിന് വേണ്ടി കളിച്ച പ്രിൻസ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണിനെ തകർത്ത് ജർമ്മൻ കപ്പുയർത്തിയ ടീമിൽ അംഗമായിരുന്നു. ജർമ്മൻ ദേശീയ യുവ ടീമുകളെ പ്രതിനിധീകരിച്ച കെവിൻ പ്രിൻസ് ഘാനയ്ക്ക് വേണ്ടിയാണ് ദേശീയ ഫുട്ബോൾ കളിച്ചത്. രണ്ടു ലോകകപ്പുകളിൽ ഘാനയ്ക്ക് വേണ്ടി പ്രിൻസ് കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

Exit mobile version