20230518 211408

ജൂഡിന്റെ അനുജൻ ജോബ് ബെല്ലിങ്ഹാം സണ്ടർലന്റിലേക്ക്

ഇംഗ്ലീഷ് യുവതാരവും ജൂഡ് ബെല്ലിങ്ഹാമിന്റെ സഹോദരനും ആയിട്ടുള്ള ജോബ് ബെല്ലിങ്ഹാം സണ്ടർലന്റിലേക്ക് ചേക്കേറുന്നു. നിലവിൽ ബിർമിങ്ഹാം സിറ്റി താരമായ ജോബിനെ മൂന്ന് മില്യൺ പൗണ്ടിനാണ് സണ്ടർലന്റ് കൂടാരത്തിൽ എത്തിക്കുന്നത്. താരത്തിന്റെ മെഡിക്കൽ പരിശോധനകൾ വരും ദിവസങ്ങളിൽ തന്നെ നടക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പതിനേഴ്‌കാരനായ താരം ഇത്തവണ ബിർമിങ്ഹാമിന് വേണ്ടി ചാമ്പ്യൻഷിപ്പിൽ സ്ഥിരമായി കളത്തിൽ എത്തിയിരുന്നു.

നേരത്തെ ജൂഡ് ബെല്ലിങ്ഹാമും ബിർമിങ്ഹാമിൽ നിന്ന് തന്നെയാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ബിർമിങ്ഹാമിന്റെ യൂത്ത് ടീമുകളിൽ കളിച്ച ജോബ്, കഴിഞ്ഞ സീസണിൽ ആദ്യമായി സീനിയർ ടീം കുപ്പായം അണിഞ്ഞു. ഇത്തവണ നിരവധി മത്സരങ്ങളിൽ പകരക്കാരനായി കളത്തിൽ എത്തി. ജൂഡിനെ പോലെ തന്നെ മധ്യനിരയിൽ ആണ് ജോബിന്റെയും സ്ഥാനം. ഇംഗ്ലണ്ടിന്റെ വിവിധ ദേശിയ യൂത്ത് ടീമുകൾക്ക് വേണ്ടിയും കളിച്ചു. നേരത്തെ ഡോർട്മുണ്ടിന് താരത്തിൽ താല്പര്യമുണ്ടെന്ന സൂചന ഉണ്ടായിരുന്നെങ്കിലും തൽക്കാലം ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് ജോബിന്റെ തീരുമാനം.

Exit mobile version