Screenshot 20230721 110146 Twitter

ജോർഡി ആൽബയും ഇന്റർ മയാമിയിൽ

ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനം എത്തി. മെസ്സിക്കും ബുസ്ക്വറ്റ്സിനും പുറമെ മുൻ ബാഴ്‌സലോണ താരം ജോർഡി ആൽബയേയും ടീമിൽ എത്തിച്ചതായി ഇന്റർ മയാമി അറിയിച്ചു. താരത്തിന് കുഞ്ഞു പിറന്ന ദിവസം തന്നെയാണ് പുതിയ തട്ടകത്തിലേക്ക് മാറുന്നതിന്റെയും പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നേരത്തെ മെസ്സിയെയും ബുസ്ക്വറ്റ്സിനെയും ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച ടീം, ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.30നുള്ള മത്സരത്തിൽ ഇവരുടെ അരങ്ങേറ്റത്തിനു വേണ്ടിയും കാത്തിരിക്കുകയാണ്. എന്നാൽ ആൽബ പിന്നീട് മാത്രമേ ടീമിനോടൊപ്പം ചേരൂ.

ജോർഡി ആൽബക്ക് ഒരു വർഷത്തെ കരാർ മാത്രമാണ് നിലവിൽ ഇന്റർ മയാമി നൽകിയിരിക്കുന്നത്. ഇത് മറ്റൊരു സീസണിലേക്ക് കൂടി നീട്ടാൻ സാധിക്കും. എംഎൽഎസിലെ “ഫ്രാഞ്ചൈസി പ്ലെയർ” റൂൾ ആണ് കുറഞ്ഞ കാലത്തെ കരാർ നൽകാൻ കാരണം എന്ന് മുണ്ടോ ഡിപോർടിവോ സൂചിപ്പിക്കുന്നു. സാലറി ലിമിറ്റിലും കൂടുതൽ വരുമാനം ഇത് പ്രകാരം മൂന്ന് താരങ്ങൾക്ക് നൽകാം. മെസ്സി, ബുസ്ക്വറ്റ്സ്, ജോസെഫ് മർട്ടിനസ് എന്നിവർ ഈ ഗണത്തിൽ പെട്ടു കഴിഞ്ഞു. അത് കൊണ്ട് തന്നെ അടുത്ത വർഷം കരാർ പുതുക്കുമ്പോൾ ആൽബയേയും ഫ്രാഞ്ചൈസി പ്ലെയർ ആയി ഉയർത്താൻ ആവും ഇന്റർ മയാമി ലക്ഷ്യമിടുന്നത്. അതേ സമയം ലൂയിസ് സുവാരസ്, ആന്ദ്രേ ഇനിയെസ്റ്റ എന്നിവരുടെ പേരുകളും പല മാധ്യമങ്ങളും ഇന്റർ മയാമിയുമായി ചേർത്തു പറയുന്നുണ്ട്. ജോർഡി ആൽബയുടെ ക്ലബ്ബ് അരങ്ങേറ്റം അടുത്ത വാരത്തോടെ മാത്രമേ ഉണ്ടാവൂ എന്നുറപ്പാണ്. ഇതോടെ മുൻ ബാഴ്‌സ താരങ്ങൾ ഒരുമിച്ചു പന്തു തട്ടുന്നത് കാണാൻ ആരാധകർക്ക് ഒരിക്കൽ കൂടി അവസരം ഉണ്ടായിരിക്കുകയാണ്.

Exit mobile version