ഇറാൻ താരം ജഹൻബക്ഷ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് ഡച്ച് ക്ലബിൽ

20210717 204011

അലിറേസ് ജഹൻബക്ഷ് എന്ന ഇറാനി വിങ്ങർ ഡച്ച് ലീഗിലേക്ക് തിരികെ പോയി. ബ്രൈറ്റൺ താരമായിരുന്ന ജഹൻബക്ഷിനെ ഡച്ച് ക്ലബായ ഫെയനൂർഡ് ആണ് സ്വന്തമാക്കിയത്. താരം വലിയ പ്രതീക്ഷയോടെയാണ് പ്രീമിയർ ലീഗിൽ എത്തിയത് എങ്കിലും ബ്രൈറ്റണിൽ കാര്യമായി തിളങ്ങാൻ താരത്തിനായിരുന്നില്ല. ഇപ്പോൾ മൂന്ന് വർഷത്തെ കരാറിലാണ് താരം ഫെയനൂർഡിൽ എത്തുന്നത്.

ഡച്ച് ക്ലബായ AZ അൽക്മാറിനായി മുമ്പ് ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് ജഹൻബക്ഷ്. മുമ്പ് ഡച്ച് ലീഗിലെ ടോപ് സ്കോററായി ചരിത്രം കുറിച്ചിട്ടുള്ള താരമാണ് അലിറെസ. യൂറോപ്പിൽ ഒരു ലീഗിൽ ടോപ് സ്കോററായി സീസൺ അവസാനിപ്പിക്കുന്ന ആദ്യ ഏഷ്യൻ താരം എന്ന റെക്കോർഡ് മുമ്പ് ഈ ഇറാനി താരം സ്വന്തമാക്കിയിരുന്നു. ഇറാൻ ദേശീയ ടീമിലെ വലിയ സാന്നിദ്ധ്യം കൂടിയാണ് ജഹൻബക്ഷ്.