20230726 213540

റയൽ ബെറ്റിസിലൂടെ കളത്തിലേക്ക് തിരിച്ചെത്താൻ ഇസ്കോ

സ്പാനിഷ് താരം ഇസ്കോ കളത്തിലേക്ക് തിരിച്ചെത്തുന്നു. കുറച്ചു മാസങ്ങളായി സജീവ ഫുട്ബോളിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന് വേണ്ടി മുൻ നിര സ്പാനിഷ് ക്ലബ്ബുകൾ രംഗത്തുണ്ട്. കോച്ച് മാനുവൽ പെല്ലഗ്രിനിയുടെ നിർദേശത്തോടെ ഇസ്കോക്ക് വേണ്ടി റയൽ ബെറ്റിസ് നീക്കം നടത്തുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. അറ്റക്കിങ് മിഡ്ഫീൽഡർ സ്ഥാനത്ത് തിളങ്ങുന്ന താരത്തെ അടുത്തിടെ ടീം വിട്ട സെർജിയോ കനാലസിന് പകരക്കാരനായാണ് കോച്ച് കാണുന്നത്. കൂടാതെ മുൻപ് റയലിലേക്ക് ചേക്കേറുന്നതുന്നതിന് മുൻപ് മലാഗയിൽ ഇസ്കോ സൂപ്പർ താര പദവിയിലേക്ക് ഉയർന്നപ്പോൾ പെല്ലഗ്രിനി ആയിരുന്നു പരിശീലകൻ. അത് കൊണ്ട് തന്നെ താരത്തിനും ഈ നീക്കത്തിന് സമ്മതമാവും. ഉടൻ തന്നെ കരാറിൽ എത്താൻ ഇരു കൂട്ടർക്കും സാധിച്ചേക്കും.

അതേ സമയം റയൽ സോസിഡാഡും ഇസ്കോക്ക് വേണ്ടി ശ്രമിച്ചേക്കും എന്ന് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്യുന്നു. ഡേവിഡ് സിൽവയുടെ അപ്രതീക്ഷിത ഇഞ്ചുറി ആണ് സോസിഡാഡിനെ വലക്കുന്നത്. താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കും എന്നു വരെ അഭ്യൂഹങ്ങൾ ഉള്ളപ്പോൾ പകരക്കാരനായി ഇസ്കോയെ എത്തിക്കാനാണ് നീക്കം. 31കാരന് മുൻ സിറ്റി താരത്തിന്റെ അഭാവത്തിൽ അനുഭാസവസമ്പത്ത് കൊണ്ടും പ്രതിഭ കൊണ്ടും ആ വിടവ് നികത്താനാവുമെന്നാണ് സോസിഡാഡ് കണക്ക് കൂട്ടുന്നത്. സെവിയ്യയിൽ നിന്നും പുറത്തായ ശേഷം ജനുവരിയിൽ യൂണിയൻ ബെർലിനിലേക്ക് എത്താൻ ഇസ്കോ സന്നദ്ധനായിരുനെങ്കിലും അവസാന നിമിഷം ഈ നീക്കവും തകർന്നു. നിലവിലെ സാഹചര്യത്തിൽ ഇസ്കോ ബെറ്റിസ് ജേഴ്‌സി അണിയാൻ തന്നെയാണ് എല്ലാ സാധ്യതയും.

Exit mobile version