Picsart 23 08 28 10 19 42 605

ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറാകുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഹാരി മഗ്വയർ അവസാനം ക്ലബ് വിടാൻ തയ്യാറാകുന്നു. താരം നേരത്തെ ബെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഓഫർ നിരസിച്ചിരുന്നു എങ്കിലും ഇപ്പോൾ വെസ്റ്റ് ഹാമിലേക്ക് പോകാൻ തയ്യാറാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ് ഉടൻ തന്നെ യുണൈറ്റഡിനെ ഒരു ലോൺ ഓഫറുമായി സനീപിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇനി നാലു ദിവസം മാത്രമെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ബാക്കിയുള്ളൂ.

നേരത്തെ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ 30 മില്യന്റെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചിരുന്നു എങ്കിലും ഹാരി മഗ്വയറും വെസ്റ്റ് ഹാമും തമ്മിൽ നടന്ന ചർച്ചകൾ വിജയിക്കാത്തതിനാൽ ഈ ബിഡ് വെസ്റ്റ് ഹാം പിൻവലിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 50 മില്യൺ യൂറോ ആണ് വിലയിട്ടിരുന്നത്. എന്നാൽ ആ ഓഫറുനായി ആരും വരാത്തതോടെ യുണൈറ്റഡ് എന്തായാലും മഗ്വയറിനെ വിൽക്കാം എന്ന നിലയിലേക്ക് മാറി. മഗ്വയറിനെ വിറ്റ് പകരം ഒരു ഡിഫൻഡറെ സ്വന്തമാക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ആ ആഗ്രഹം നടക്കണം എങ്കിൽ പെട്ടെന്ന് തന്നെ മഗ്വയർ ക്ലബ് വിടേണ്ടി വരും.

കഴിഞ്ഞ മാസം മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കിയിരുന്നു. മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ അപൂർവ്വ മത്സര‌ങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്നിവർക്ക് പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം.

2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്. ഈ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിലും മഗ്വയറിനെ ടെൻ ഹാഗ് പരിഗണിച്ചിരുന്നില്ല.

Exit mobile version