ഗ്രീസ്മെൻ ബാഴ്സയിലേക്ക്, അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡി സൂപ്പർ സ്റ്റാർ അന്റോണിയോ ഗ്രീസ്മെൻ അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്നത് ഔദ്യോഗികമായി. വളരെ നീണ്ടകാലത്തെ അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്. ഇന്ന് ക്ലബ് ആണ് ഔദ്യോഗിക കുറിപ്പിലൂടെ അടുത്ത സീസൺ മുതൽ ക്ലബിനൊപ്പം തുടരാൻ താല്പര്യമില്ല എന്ന് ഗ്രീസ്മെൻ അറിയിച്ചതായി പറഞ്ഞത്.

അവസാന അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെൻ. ബാഴ്സലോണയിലേക്ക് ആകും ഗ്രീസ്മെൻ പോവുക. ഗ്രീസ്മെന്റെ റിലീസ് ക്ലോസായ 125 മില്യൺ തുക നൽകാൻ ബാഴ്സലോണ തയ്യാറായതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ സീസണിൽ തന്നെ ഗ്രീസ്മെൻ ബാഴ്സലോണയിൽ എത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയിൽ ആകുന്നതിനാൽ ക്ലബിൽ തന്നെ ഗ്രീസ്മെൻ തുടരുകയായിരുന്നു.

ഈ സീസണിൽ ഗോഡിനെയും നഷ്ടപ്പെടുന്ന അത്ലറ്റിക്കോ മാഡ്രിഡിന് അടുത്ത സീസണിൽ ഇതോടെ ടീമിന്റെ രണ്ട് പ്രധാന താരങ്ങളെ ആണ് നഷ്ടമാകുന്നത്. ബാഴ്സലോണ കൂടുതൽ കരുത്താർജിക്കുകയും ചെയ്യും. മെസ്സിയും ഗ്രീസ്മെനും ഒരുമിച്ചാൽ ബാഴ്സലോണയുടെ അറ്റാക്ക് എത്ര ഭീകരമാകും എന്ന് ഡിഫൻഡേഴ്സിന് സങ്കൽപ്പിക്കാൻ വരെ ആകില്ല.

അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്മെൻ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുണ്ട്.