ഫുൾഹാമിന്റെ വല കാക്കാൻ ലെനോ എത്തുന്നു | Arsenal and Fulham have reached an £8m deal for Bernd Leno

Nihal Basheer

20220801 182525

ആഴ്‌സനലിന്റെ ജർമൻ താരം ബെൺഡ് ലെനോ ഫുൾഹാമിലേക്ക് ചേക്കേറി. പ്രീമിയർ ലീഗിലേക്ക് എത്തിയതിന് പിറകെ ഗോൾ വലക്ക് കീഴിൽ മികച്ച താരങ്ങളെ തേടുകയായിരുന്നു ഫുൾഹാം. എട്ടു മില്യൺ പൗണ്ടാണ് കൈമാറ്റ തുക. ബാഴ്‌സലോണയുടെ നെറ്റോക്ക് വേണ്ടിയും ഫുൾഹാം ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ലെനോയെ എത്തിക്കുന്നത് തന്നെ ആയിരുന്നു ഫുൾഹാമിന്റെ മുൻഗണന. ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തുന്ന അഞ്ചാമത്തെ താരമാണ് ലെനോ.

ആഴ്‌സനലിന് വേണ്ടി നൂറോളം ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ള ലെനോ 2019ലാണ് ലെവർകൂസനിൽ നിന്നും പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ആദ്യ മൂന്ന് സീസണുകളിൽ ടീമിലെ സ്ഥിരക്കാരൻ ആയിരുന്നെങ്കിലും അവസാന സീസണിൽ റാംസ്ഡേലിന് കീഴിൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി. ആകെ നാല് ലീഗ് മത്സരങ്ങളിൽ മാത്രമാണ് സീസണിൽ ടീമിനായി ഇറങ്ങാൻ സാധിച്ചത്. ഫുൽഹാമിലേക്കുള്ള കൂടുമാറ്റം വീണ്ടും കൂടുതൽ അവസരങ്ങൾ നേടാൻ ജർമൻ താരത്തെ സഹായിക്കും. ഈ വാരം തന്നെ താരത്തിന്റെ പുതിയ ക്ലബ്ബിലെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കും.

പ്രീമിയർ ലീഗിലേക്ക് തിരികെ എത്തുന്ന ഫുൽഹാം നിലവിലെ സ്ക്വാഡിനെ വെച്ചു ലീഗിൽ തുടരാൻ ആവശ്യമായ പോരാട്ടം പുറത്തെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ആണ് കൂടുതൽ താരങ്ങൾക്കായി ശ്രമിക്കുന്നത്. തങ്ങൾക്ക് ഇനിയും അഞ്ചോ ആറോ താരങ്ങളുടെ ആവശ്യമുണ്ടെന്ന് ഫുൽഹാം മാനേജർ മാർക്കോ സിൽവ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ താരങ്ങൾ ഇല്ലാതെ മികച്ച പോരാട്ടം പുറത്തെടുക്കുന്നത് ദുഷ്കരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Arsenal and Fulham have reached an £8m deal for Bernd Leno