ബെർണാഡസ്കി യുവന്റസിലേക്ക്

ഇറ്റാലിയൻ താരം ഫെഡറിക്കോ ബെർണാഡസ്കി യുവന്റസിലേക്ക്. 40 മില്യൺ യൂറോയ്ക്കാണ് ഫ്യുറെന്റീനയുടെ ഫോർവേഡ് ഫെഡറിക്കോ ബെർണാഡസ്കി ടുറിനിലേക്കെത്തുന്നത്. ഇറ്റാലിയൻ ഫുട്ബോളിലെ പുത്തൻ താരോദയമായ ബെർണാഡസ്കിയെ സ്വന്തമാക്കാൻ യൂറോപ്പ്യൻ ഫുട്ബോളിലെ വമ്പന്മാർ ശ്രമിച്ചു കൊണ്ടിരിക്കെയാണ് സീരി എ ചാമ്പ്യന്മാർ ഡീലുറപ്പിച്ചത്. 3 വർഷം ഫ്ലോറെൻസിൽ കളിച്ചതിനു ശേഷമാണ് 23 കാരനായ ബെർണാഡസ്കി യുവന്റസിലേക്കെത്തുന്നത്.

യൂറോപ്പ്യൻ ഫുട്ബോളിലെ അറ്റാക്കിങ് പ്ലെയേഴ്‌സിൽ ഏറ്റവും മികച്ച താരമായാണ് ബെർണാഡസ്കിയെ വിലയിരുത്തുന്നത്. കഴിഞ്ഞ സീരി എ സീസണിൽ 11 ഗോളുകളാണ് ഫെഡറിക്കോ ബെർണാഡസ്കിയുടെ സമ്പാദ്യം. ഇറ്റലിയുടെ ദേശീയ ടീമിന് വേണ്ടി 9 തവണ ജേഴ്സിയണിയുകയും ചെയ്തു ഈ 23 കാരൻ.

മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയും ബെർണാഡസ്കിക്ക് വേണ്ടി ശ്രമിച്ചിരുന്നു. ഇറ്റാലിയൻ ജേഴ്സി അണിയാൻ ബെർണാഡസ്കിക്ക് അവസരം നൽകിയ അന്റോണിയോ കോണ്ടെ താരത്തെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. മാസിമിലിയാനോ അല്ലെഗ്രിയുടെ ഈ സീസണിലെ വിലയേറിയ താരമായാണ് ബെർണാഡസ്കി യുവന്റസിലേക്കെത്തുന്നത്. തുടർച്ചയായ ഏഴാം കിരീടമെന്ന ലക്ഷ്യത്തിനായി ടീമിനെ സജ്ജമാക്കുകയാണ്‌ അല്ലെഗ്രി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment