Picsart 23 07 25 17 20 00 145

എലാംഗ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഇനി നോട്ടിങ്ഹാം ഫോറസ്റ്റ് താരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫോർവേഡ് ആയിരുന്ന ആന്റണി എലാംഗ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ. താരത്തിന്റെ സൈനിംഗ് ഇന്ന് ഫോറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വീഡൻ ഇന്റർനാഷണൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. 2028 വേനൽക്കാലം വരെ താരം ഫോറസ്റ്റിൽ ഉണ്ടാകും.

21കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 55 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയിൽ എല്ലാം ഇതിനകം താരം ഇറങ്ങി.

സ്വീഡനിലെ മാൽമോയിൽ ജനിച്ച എലാംഗ 2014-ലൽ ആണ് യുണൈറ്റഡ് അക്കാദമിയിൽ എത്തിയത്. 2020-ൽ ക്ലബ്ബിന്റെ യംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടി. 2021ൽ ക്ലബിനായി സീനർ അരങ്ങേറ്റവും നടത്തി. 20 മില്യൺ നൽകിയാണ് ഇപ്പോൾ എലാംഗയെ ഫോറസ്റ്റ് സൈൻ ചെയ്യുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് എത്തിയതിനു ശേഷം അധികം അവസരങ്ങൾ എലാംഗയ്ക്ക് ലഭിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ 26 മത്സരങ്ങൾ കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാൻ ആയിരുന്നില്ല.

Exit mobile version