ഡെംബെലെയ്ക്കു വേണ്ടി ബാഴ്സ മാന്യത വിടുന്നെന്ന് ഡോർട്ട്മുണ്ട്

- Advertisement -

ഡെംബെലെയെ സ്വന്തമാക്കാൻ ബാഴ്സലോണ മാന്യത വിട്ട് കളിക്കുകയാണെന്ന് ഡോർട്ട്മുണ്ട്. ബൊറുസിയ ഡോർട്ട്മുണ്ടിന്റെ CEO ഹാൻസ് ജോവാക്വിം വാട്സ്കേ ആണ് സ്പാനിഷ് ക്ലബ്ബിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഫ്രെഞ്ച് താരമായ ഒസ്മാൻ ഡെംബെലെക്ക് വേണ്ടിയുള്ള ചരട് വലികൾ ശക്തമാവുകയാണ്.

റെക്കോർഡ് തുകയ്ക്ക് നെയ്മർ ക്ലബ്ബ് വിട്ടപ്പോൾ മുതൽ 20 കാരനായ ഡെംബെലെയെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമം തുടങ്ങിയിരുന്നു. ഡോർട്ട്മുണ്ടിന്റെ ക്യാമ്പിൽ നിന്നും അപ്രതീക്ഷിതമായാണ് ഡെംബെലെ പുറത്ത് പോകുന്നത്. ക്ലബ്ബ് മാനേജ്മെന്റ് അറിയാതെ ട്രെയിനിങ്ങ് ക്യാമ്പ് വിട്ടതിന് സസ്പെൻഷൻ നേരിട്ടുകൊണ്ടിരിക്കുകയാണ് ഡെംബെലെ. ബാഴ്സലോണയുടെ സ്വാധീനം കൊണ്ടാണ് ഡെംബെലെ ഡോർട്ട്മുണ്ട് ക്യാമ്പിലേക്ക് എത്താത്തത് എന്നാണ് ഡോർട്ട്മുണ്ട് CEO ആരോപിക്കുന്നത്. താരത്തിനെ ഉപയോഗിച്ച് ക്ലബ്ബിനു മേൽ സ്വാധീനം ചെലുത്താമെന്നത് ബാഴ്സലോണയുടെ വ്യാമോഹം മാത്രമാണെന്നും ഡോർട്ട്മുണ്ട് അറിയിച്ചു.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 130 മില്ല്യൺ യൂറോ ആണ് ബൊറുസിയ ഡോർട്ട്മുണ്ട് ഡെംബെലെക്ക് വേണ്ടി ആവശ്യപ്പെടുന്നത്. ഡോർട്ട്മുണ്ട് പ്രപോസ് ചെയ്ത തുക നൽകാത്ത പക്ഷം ഡെംബെലെയെ വിട്ടു നൽകുകയില്ല എന്നും ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ സീസണിൽ 15 മില്ല്യൺ യൂറോയ്ക്കാണ് റെന്നെസിൽ നിന്നും ഒസ്മാൻ ഡെംബെലെ ഡോർട്ട്മുണ്ടിൽ എത്തുന്നത്. ഡെംബെലെ ഇല്ലാതിറങ്ങിയ ഡോർട്ട്മുണ്ട് ബുണ്ടസ് ലീഗയിൽ ആദ്യ മൽസരം വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement