ഹോളണ്ട് സൂപ്പർ താരം ഡിപായ് ഇനി ബാഴ്സലോണ താരം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ അടുത്ത സൈനിംഗ് കൂടെ പൂർത്തിയാക്കുകയാണ്. ഡച്ച് താരം മെംഫിസ് ഡിപായ് ആണ് ബാഴ്സലോണയിലേക്ക് എത്തുന്നത്‌. ഡിപായ് ബാഴ്സ താരമായതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.

ബാഴ്സലോണ കഴിഞ്ഞ സീസൺ മുതൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് മെംഫിസ് ഡിപായ്. ഈ സീസണോടെ ലിയോൺ വിടും എന്നും ഡിപായ് നേരത്തെ പറഞ്ഞിരുന്നു. പരിശീലകൻ കോമന്റെ ഇഷ്ട താരങ്ങളിൽ ഒന്നാണ് ഡിപായ്‌. ഇപ്പോൾ ഹോളണ്ടിനൊപ്പം യൂറോ കപ്പിൽ കളിക്കുകയാണ് ഡിപായ്.

അവസാന കുറേ കാലമായി ഗംഭീര ഫോമിലാണ് ഡിപായ് കളിക്കുന്നത്. ഒരു സീസൺ മുമ്പ് ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ വലിയ പങ്ക് ഡിപായ് വഹിച്ചിരുന്നു. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്.

യുണൈറ്റഡ് വിട്ട് ലിയോണിൽ എത്തിയ ഡിപായ് ഇതുവരെ ക്ലബിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50ൽ അധികം ഗോളുകളും നേടിയിട്ടുണ്ട്. ഹോളണ്ടിനു വേണ്ടിയും ഗംഭീര പ്രകടനമാണ് ഡിപായ് ഇപ്പോൾ നടത്തുന്നത്. ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സലോണ സൈൻ ചെയ്യുന്ന മൂന്നാമത്തെ താരമാണ് ഡിപായ്. നേരത്തെ അഗ്വേറോയെയും എറിക് ഗാർസിയയെയും ബാഴ്സലോണ ഫ്രീ ട്രാൻസ്ഫറിൽ തന്നെ സൈൻ ചെയ്തിരുന്നു.