ഡിപായും ബാഴ്സലോണയിലേക്ക് തന്നെ, ഉടൻ കരാർ ഒപ്പുവെക്കും

- Advertisement -

അഗ്വേറോയേ സ്വന്തമാക്കിയതിനു പിന്നാലെ ബാഴ്സലോണ അടുത്ത സൈനിംഗ് കൂടെ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഡച്ച് താരം മെംഫിസ് ഡിപായ് ആകും ബാഴ്സലോണയിലേക്ക് എത്തുന്നത്‌. താരം ഉടൻ ബാഴ്സലോണയിൽ കരാർ ഒപ്പുവെക്കും എന്ന് ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ പറയുന്നു. മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.

ബാഴ്സലോണ കഴിഞ്ഞ സീസൺ മുതൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് മെംഫിസ് ഡിപായ്. ഈ സീസണോടെ ലിയോൺ വിടും എന്നും ഡിപായ് നേരത്തെ പറഞ്ഞിരുന്നു. ഡിപായ്ക്ക് 2024വരെയുള്ള കരാർ ആണ് ബാഴ്സലോണ വാഗ്ദാനം ചെയ്തിരിക്കുന്നത്. പരിശീലകൻ കോമന്റെ ഇഷ്ട താരങ്ങളിൽ ഒന്നാണ് ഡിപായ്‌.

അവസാന കുറേ കാലമായി ഗംഭീര ഫോമിലാണ് ഡിപായ് കളിക്കുന്നത്. ഒരു സീസൺ മുമ്പ് ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ വലിയ പങ്ക് ഡിപായ് വഹിച്ചിരുന്നു. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്.

യുണൈറ്റഡ് വിട്ട് ലിയോണിൽ എത്തിയ ഡിപായ് ഇതുവരെ ക്ലബിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50ൽ അധികം ഗോളുകളും നേടിയിട്ടുണ്ട്. ഹോളണ്ടിനു വേണ്ടിയും ഗംഭീര പ്രകടനമാണ് ഡിപായ് ഇപ്പോൾ നടത്തുന്നത്.

Advertisement