ആഴ്‌സണൽ

ഡേവിഡ് റയ ഇനി ആഴ്‌സണലിൽ, ബ്രന്റ്ഫോർഡും ആയി കരാർ ധാരണയിൽ എത്തി

സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് റയയുടെ കാര്യത്തിൽ ബ്രന്റ്ഫോർഡും ആയി കരാർ ധാരണയിൽ എത്തി ആഴ്‌സണൽ. ആഴ്‌സണലിൽ മാത്രം ചേരണം എന്ന് ആഗ്രഹിച്ച താരവും ആയി ക്ലബ് നേരത്തെ തന്നെ വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു. 27 കാരനായ താരത്തെ 30 മില്യൺ പൗണ്ടിനു താഴെയുള്ള തുകക്ക് ആണ് ആഴ്‌സണൽ സ്വന്തമാക്കുന്നത് എന്നാണ് റിപ്പോർട്ട്. നേരത്തെ താരത്തിന് ആയി 40 മില്യൺ പൗണ്ട് ആയിരുന്നു ബ്രന്റ്ഫോർഡ് ആവശ്യപ്പെട്ടത്.

റയ ആഴ്‌സണലിൽ 2028 വരെയുള്ള 5 വർഷത്തെ കരാർ ആവും ഒപ്പ് വെക്കുക. 2019 ൽ ബ്ലാക്ബേണിൽ നിന്നു 2.7 മില്യൺ പൗണ്ടിനു ക്ലബിൽ എത്തിയ താരത്തിൽ നിന്നു വലിയ ലാഭം ആണ് ബ്രന്റ്ഫോർഡ് ഉണ്ടാക്കുക. കഴിഞ്ഞ 2 സീസണുകളിൽ പ്രീമിയർ ലീഗിലെ തന്നെ മികച്ച ഗോൾ കീപ്പർ പ്രകടനം ആണ് റയ നടത്തിയത്. കാലു കൊണ്ടു കളിക്കാനുള്ള താരത്തിന്റെ മികവും പ്രസിദ്ധമാണ്. സ്‌പെയിനിന് ആയി 2 മത്സരങ്ങൾ കളിച്ച താരം ഈ വർഷം യുഫേഫ കോൺഫറൻസ് ലീഗ് നേടിയ സ്പാനിഷ് ടീമിലും അംഗം ആയിരുന്നു.

ഡേവിഡ് റയയുടെ മെന്റർ ആയ മുൻ ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ കോച്ചും ഇപ്പോഴത്തെ ആഴ്‌സണൽ ഗോൾ കീപ്പർ കോച്ചും ആയ ഇനാകി കാനയുടെ സാന്നിധ്യം ഈ ട്രാൻസ്ഫറിൽ നിർണായകമായി. നേരത്തെ ആഴ്‌സണൽ തങ്ങളുടെ ഗോൾ കീപ്പർ മാറ്റ് ടർണറിനെ നോട്ടിങ്ഹാം ഫോറസ്റ്റിനു വിൽക്കാൻ ധാരണയിൽ എത്തിയിരുന്നു. നിലവിൽ ആഴ്‌സണൽ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ആരോൺ റാംസ്ഡേലിന് ടീമിലെ സ്ഥാനത്തിന് ആയി കനത്ത വെല്ലുവിളി ആവും റയ ഉയർത്തുക.

Exit mobile version