
റയൽ മാഡ്രിസ് താരം ഡാനിലോ ഈ സീസണിൽ തന്നെ ക്ലബ്ബ് വിട്ടേക്കും എന്ന് സൂചന. ചെൽസിയിലേക്ക് ക്ഷണം ലഭിച്ച ഡാനിലോ പ്രീമിയർ ലീഗിലേക്കുള്ള ചുവടുമാറ്റം നടന്നു കിട്ടാനായി ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറന്റിനോ പേരെസിനോട് നേരിട്ട് അഭ്യർത്ഥിച്ചതായാണ് വിവരം.
നേരത്തെ മാഡ്രിഡ് 30 മില്യൺ വിലയിട്ട ഡാനിലോക്കായി ചെൽസി 28 മില്യൺ നൽകാം എന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും റയൽ നിരസിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെയാണ് താരം തന്നെ മുന്നിട്ടിറങ്ങി ക്ലബ്ബ് പ്രസിഡന്റിനോട് അപേക്ഷയുമായി ഇറങ്ങിയത് എന്നറിയുന്നു. റൈറ്റ് ബാക്കായ ഡാനിലോ പക്ഷെ സിദാന്റെ ടീമിൽ പലപ്പോഴും കാർവഹാലിന് പിന്നിലായി ബെഞ്ചിലായിരുന്നു സ്ഥാനം. ഇതോടെ ആദ്യ ഇലവനിൽ കൂടുതൽ അവസരം തേടി ക്ലബ്ബ് വിടാനൊരുങ്ങുന്ന ഡാനിലോക്ക് കൊണ്ടേ തന്റെ ടീമിലെ റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ ആദ്യ ഇലവനിൽ തന്നെ ഇടം വാഗ്ദാനം ചെയ്തതായാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചെൽസി ആദ്യ ഇലവനിൽ ഇടം നേടുന്നതോടെ അടുത്ത വർഷത്തേക്കുള്ള ലോകകപ്പ് ബ്രസീൽ ടീമിൽ ഇടം നേടാനുള്ള സാധ്യതകളും വർധിക്കും എന്നതും താരത്തെ റയൽ മാഡ്രിഡ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്.
2015 ഇൽ പോർട്ടോയിൽ നിന്നാണ് ഡാനിലോ മാഡ്രിഡിൽ എത്തുന്നത്. പോർട്ടോക്കായി നടത്തിയ മികച്ച പ്രകടനം തുടരാനാവാതെ വന്നതോടെയാണ് ഡാനിലോ കാർവഹാലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരനായത്. എന്നാൽ ഡേവിഡ് ലൂയിസും വില്ലിയാനും അടക്കമുള്ള സ്വന്തം നാട്ടുകാരുള്ള ചെൽസിയിൽ എത്തുന്നതോടെ തന്റെ കരിയറിന് പുത്തൻ ഉണർവേകാനാവും ഡാനിലോയുടെ ശ്രമം. ഏതാനും വരും ദിവസങ്ങളിൽ ക്ലബ്ബ് പ്രസിഡന്റ് പേരെസിന്റെ തീരുമാനം ഡാനിലോക്കും ചെൽസിക്കും ഏറെ നിർണായകമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial