ബ്രസീലിയൻ പ്രതിരോധക്കാരന് വൻ വിലയിട്ട് ചെൽസി

അന്റോണിയോ കോണ്ടേ ചെൽസി വിടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ കോണ്ടേ പോകില്ലെന്നും കൊണ്ടേക്ക് 250 മില്യൺ യൂറോയോളം വരുന്ന തുക കളിക്കാരെ വാങ്ങാനായി ക്ലബ്ബ് മാനേജ്മെന്റ് അനുവധിച്ചിട്ടുണ്ടെന്നുമുള്ള വാർത്തകളാണ് പുതുതായി വരുന്നത്.

ചാമ്പ്യൻസ് ലീഗ് അടക്കം ലക്ഷ്യം വച്ചുള്ള തന്റെ തയ്യാറെടുപ്പുകൾക്ക് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുവന്റസിന്റെ ബ്രസീലിയൻ ഫുൾ ബാക്ക് അലക്‌സ് സാൻഡ്രോയെ എന്ത് വില കൊടുത്തും ലണ്ടനിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അന്റോണിയോ കോണ്ടേ. 60 മില്യൺ യൂറോയോളമാണ് ചെൽസി ബ്രസീലുകാരനായി യുവന്റസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ചെൽസിയുടെ ഓഫർ നിരസിച്ചതായാണ് ഇറ്റാലിയൻ ക്ലബ്ബിന്റെ ചീഫ് മറോട്ട അറിയിച്ചത്. എന്നാൽ ഇന്നത്തെ കാലത്ത് കളിക്കാരനാണ് അവരുടെ വിധി തീരുമാനിക്കുന്നതെന്നും മറോട്ട വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ യുവന്റസിൽ ലഭിക്കുന്നതിന്റെ ഇരട്ടി തുകയോളം ചെൽസി അലക്‌സ് സൻഡ്രോക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. താരം ആവശ്യപ്പെടുകയാണെങ്കിൽ യുവന്റസ് ചെൽസിയുമായി കരാർ ഒപ്പിടാനാണ് സാധ്യത.

ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന അലക്‌സ് സാൻഡ്രോ 2015 ലാണ് പോർട്ടോയിൽ നിന്ന് ഏകദേശം 23 മില്യൺ യൂറോക്ക് യുവന്റസിൽ എത്തുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ പങ്ക് വഹിക്കാൻ കഴിവുള്ള അലക്‌സ് സാൻഡ്രോ ചെൽസിയുടെ നിലവിലെ 3-4-3 ശൈലിയിൽ ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിൽ കളിക്കാൻ ഏറ്റവും മികച്ച താരമായാണ് കോണ്ടേ കാണുന്നത്. നിലവിൽ മാർക്കോസ് അലോൻസോ കളിക്കുന്ന സ്ഥാനത്ത് കൂടുതൽ മത്സര ക്ഷമത വരാനും ഇത് കാരണമാവും. ഏതായാലും ഏറ്റവും മികച്ച ഓഫർ തന്നെ നൽകി താരം ചെൽസിയിൽ എത്തുമെന്നാണ് കോന്റേയും ചെൽസിയും പ്രതീക്ഷിക്കുന്നത്. ക്ലബ്ബ് ഉടമ റോമൻ അബ്രാമോവിച്ചിന് അടക്കം താല്പര്യമുള്ള കളിക്കാരനാണ് അലക്‌സ് സാൻഡ്രോ എന്നതും കൊണ്ടേക്ക് പ്രതീക്ഷ നൽകുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശ്രീകാന്ത് കിഡംബി ഫൈനലില്‍
Next articleകയ്യടി വാങ്ങി സോക്കർ സ്പോർടിംഗ്, വിജയം പിടിച്ചെടുത്ത് മെഡിഗാഡ്, സീസൺ മെമ്മറീസ്