ഫൊഫാനയെ വേണം, ലെസ്റ്ററിന് മുന്നിൽ ഓഫറുമായി ചെൽസി

20220804 165427

പ്രതിരോധ നിരയിലേക്ക് കണ്ണ് വെച്ച ജൂൾസ് കുണ്ടേയെ നഷ്ടമായതിന് പിറകെ പകരക്കാരെ തേടി ചെൽസി. ലെസ്റ്റർ താരം വെസ്ലി ഫോഫാനയാണ് നിലവിൽ ചെൽസിയുടെ അജണ്ടയിൽ ഉള്ള താരം. ഇരുപത്തിയൊന്നുകാരന് വേണ്ടി ചെൽസി തങ്ങളുടെ ഓഫർ സമർപ്പിച്ചെങ്കിലും ലെസ്റ്റർ അംഗീകരിച്ചിട്ടില്ല. ഫോഫാനയെ കൈമാറാൻ താത്പര്യപെടുന്നില്ല എന്നാണ് ലെസ്റ്ററിന്റെ നിലപാട്. ഇതോടെ ചെൽസി പുതിയ ഓഫറുമായി വന്നേക്കും എന്നാണ് സൂചനകൾ.

നേരത്തെ അറുപത് മില്യൺ പൗണ്ടിന്റെ ഓഫർ ആയിരുന്നു ചെൽസി സമർപ്പിച്ചിരുന്നത്. റൂഡിഗർ, ക്രിസ്റ്റൻസൺ എന്നിവർക്ക് പകരം പ്രതിരോധ നിരയിൽ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുകയാണ് ചെൽസി. കുണ്ടേയെ പോലെ തന്നെ അതിവേഗകാരനാണ് ഫോഫാന. പ്രീമിയർ ലീഗിലെ മത്സര പരിചയവും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായം ഉള്ളൂ എന്നതും ഫ്രഞ്ച് താരത്തെ ചെൽസി നോട്ടമിടാൻ കാരണമായി. 2020ലാണ് സെയിന്റ് എറ്റെനെയിൽ നിന്നും ഫോഫാന ലെസ്റ്ററിലേക്ക് എത്തുന്നത്. രണ്ടു സീസണുകളിലായി മുപ്പത്തിയഞ്ച് ലീഗ് മത്സരങ്ങൾ ടീമിനായി ഇറങ്ങി. അവസാന സീസണിൽ പരിക്ക് മൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. പുതിയ ഓഫറുമായി ചെൽസി ഒരിക്കൽക്കൂടി എത്തിയാൽ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമെന്ന ഹാരി മഗ്വയറുടെ റെക്കോർഡ് തകർന്നേക്കാം.

Story Highlight: Chelsea have submitted £60m proposal for Wesley Fofana