ബൊണൂച്ചിക്ക് പകരം യുവന്റ്സ് സെന്റർ ബാക്ക് എ സി മിലാനിൽ

ബൊണൂച്ചി യുവന്റസ് ഡിഫൻസിലേക്ക് തിരിച്ച് പോയതിന് പകരമായി ഇറ്റാലിയൻ യുവ ഡിഫൻഡർ മാറ്റിയ കാൽദറ എ സി മിലാനിൽ എത്തി. ബൊണൂച്ചിയെ ടീമിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാൽദറയെ എ സി മിലാൻ കൊടുക്കാൻ യുവന്റസ് തീരുമാനിച്ചത്. ഇന്നലെ മിലാനുമായി 2023 വരെയുള്ള കരാറിൽ താരം ഒപ്പിട്ടു. ഇന്ന് താരത്തെ ഔദ്യോഗിക ചടങ്ങിലൂടെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.

24കാരനായ കാൽദറ കഴിഞ്ഞ സീസണിലാണ് യുവന്റസിൽ എത്തിയത്. യുവന്റസിൽ പക്ഷെ ഒരു മത്സരം പോലും താരം കളിച്ചില്ല. പകരം തന്റെ മുൻ ക്ലബായ അറ്റലാന്റയിൽ ലോണിൽ കളിക്കുകയായിരുന്നു. അറ്റലാന്റ സീരി എയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിൽ ജാൽദറയ്ക്ക് വലിയ പങ്കുണ്ട്‌ 43 മത്സരങ്ങളോളം ക്ലബിനായി കഴിഞ്ഞ സീസണിൽ കാൽദറ കളിച്ചു. ഏഴു ഗോളുകളും കഴിഞ്ഞ സീസണിൽ ഈ ഡിഫൻഡർ നേടി.

ഇറ്റലി ദേശീയ ടീമിനായി ഈ വർഷം അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു ഈ 24കാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial