Picsart 23 08 15 00 44 55 118

ഔദ്യോഗിക പ്രഖ്യാപനം എത്തി, മോയിസസ് കൈസെദോ ചെൽസിയിൽ ചേർന്നു

ബ്രിട്ടീഷ് റെക്കോർഡ് തുകക്ക് ഇക്വഡോർ മധ്യനിര താരം മോയിസസ് കൈസെദോയെ ചെൽസി സ്വന്തമാക്കി. ബ്രൈറ്റണിൽ നിന്നു 115 മില്യൺ പൗണ്ട് തുക നൽകിയാണ് താരത്തെ ചെൽസി ടീമിൽ എത്തിച്ചത്. 100 മില്യണും എളുപ്പത്തിൽ സാധിക്കുന്ന 15 മില്യൺ പൗണ്ട് ആഡ് ഓണുകളും ആണ് 21 കാരനായ താരത്തിന് ചെൽസി മുടക്കുന്നത്.

ഇതിനു പുറമെ ഭാവിയിൽ താരത്തെ ചെൽസി വിറ്റാൽ ഒരു വിഹിതം ബ്രൈറ്റണു ലഭിക്കുന്ന സെൽ ഓൺ ക്ലോസും ഈ കരാറിൽ ഉണ്ട്. താരത്തിന് ആയി ലിവർപൂളും ആയി നടന്ന വാശിയേറിയ മത്സരത്തിന് ഒടുവിൽ ആണ് കൈസെദോ ചെൽസിയിൽ എത്തുന്നത്. ബ്രൈറ്റൺ ലിവർപൂളും ആയി ധാരണയിൽ എത്തിയെങ്കിലും നേരത്തെ ചെൽസിയും ആയി ഉണ്ടാക്കിയ വ്യക്തിഗത കരാർ കൈസെദോ മാനിക്കുക ആയിരുന്നു.

2031 വരെ എട്ട് വർഷത്തേക്ക് ആണ് കൈസെദോ ചെൽസിയിൽ കരാർ ഒപ്പ് വെക്കുക. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. ചെൽസിയിൽ ചേരാൻ രണ്ടാമത് ഒന്നു ആലോചിക്കേണ്ട കാര്യം ഉണ്ടായില്ല എന്നും ടീമിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നും കൈസെദോ പറഞ്ഞു. തന്റെ സ്വപ്നം ആണ് ചെൽസിയിൽ ചേരുന്നതിലൂടെ യാഥാർത്ഥ്യം ആയത് എന്നും താരം കൂട്ടിച്ചേർത്തു.

Exit mobile version