സ്വെൻ ബെൻഡർ ഡോർട്ട്മുണ്ടിൽ നിന്നും ലെവർകൂസനിലേക്ക്

ഡോർട്ട്മുണ്ട് താരം സ്വെൻ ബെൻഡറെ ലെവർകൂസൻ സ്വന്തമാക്കി. 15 മില്യൺ യൂറോയ്ക്കാണ് ജർമ്മൻ താരം ബേ അറീനയിലേക്ക് പോകുന്നത്. ഡോർട്ട്മുണ്ടിന്റെ വിജയക്കുതിപ്പുകൾക്ക് ചുക്കാൻ പിടിച്ച ബെൻഡർ ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ ഏറ്റവും മികച്ച മിഡ് ഫീൽഡറായാണ് അറിയപ്പെടുന്നത്. 28 കാരനായ സ്വെൻ ബെൻഡർ നാല് വർഷത്തെ കരാറിലാണ് ബയേർ ലെവർകൂസനിലേക്ക് പോകുന്നത്. സ്വെൻ ബെൻഡറുടെ ഇരട്ട സഹോദരനായ ലാർസ് ബെൻഡർ ലെവർകുസനിൽ കളിക്കുന്നുണ്ട്. 2009 നു ശേഷം ഇനി ഒന്നിച്ച് സഹോദരങ്ങൾ കളിക്കും.

1860 മ്യുണിക്കിൽ ഒന്നിച്ചു കളിച്ച സഹോദരന്മാർ 2009 ൽ വേർപിരിഞ്ഞു. സ്വെൻ ബെൻഡർ ഡോർട്ട്മുണ്ടിലേക്കു പോയപ്പോൾ ലാർസ് ബേ അറീനയിലേക്കെത്തി. ഡോർട്ട്മുണ്ടിനെ തുടർച്ചയായി കിരീടങ്ങുയർത്താൻ സ്വെൻ വഹിച്ച പങ്ക് വലുതാണ്. ജർമ്മനിക്ക് വേണ്ടി ഏഴു തവണ ജേഴ്സി അണിഞ്ഞിട്ടുണ്ട് ബെൻഡർ. 2016 ഒളിംപിക്സിൽ വെള്ളി നേടിയ സ്‌ക്വാഡിൽ അംഗമായിരുന്നു ബെൻഡർ. പരിക്കിന്റെ പിടിയിലായിരുന്ന ബെൻഡർ കഴിഞ്ഞ സീസണിൽ എട്ടു മത്സരങ്ങൾ മാത്രമാണ് കളിച്ചത്. എട്ടുവർഷത്തോളം ടീമിനൊപ്പം തുടർന്ന ബെൻഡർ ആരാധകർക്ക് “മാനി” യാണ്. ഏറെ വിഷമത്തോടുകൂടിയാണ് ഡോർട്മുണ്ട് വിടാനുള്ള തീരുമാനമെടുത്തതെന്ന് വിടവാങ്ങൽ കുറിപ്പിൽ ബെൻഡർ കുറിച്ചു. 2013 ൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിയ ഡോർട്ട്മുണ്ട് ടീമിൽ അംഗമായിരുന്നു മാനി.
ഡോർട്ട്മുണ്ടിനുവേണ്ടി 224 മത്സരങ്ങൾ കളിച്ച ബെൻഡർ രണ്ടു ബുണ്ടസ് ലീഗ കിരീടങ്ങളും രണ്ടു ജർമ്മൻ കപ്പും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയയോട് കീഴടങ്ങി സ്പെയിന്‍
Next articleനതാനിയേൽ ചാലോഭ ചെൽസി വിട്ടു