ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോയിലേക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഇനി മേജർ ലീഗ് സോക്കറിൽ ചിക്കാഗോ ഫയറിനു വേണ്ടി ബൂട്ടണിയും . വേൾഡ് കപ്പ് ജേതാവ്  ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോ ഫയറിൽ ചേരുന്ന കാര്യം ചിക്കാഗോ ട്രൈബൂൺ ഇന്നലെ രാത്രി റിപ്പോർട്ട് ചെയ്തു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 4 .5 മില്യൺ ഡോളറിനാണ് ഒരു വർഷത്തെ കോൺട്രാക്ടിൽ ഷ്വെയിൻസ്റ്റൈഗർ അമേരിക്കയിലേക്ക് പോവുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന ഷ്വെയിൻസ്റ്റൈഗറിന് MLS പോകുന്നത് ഗുണകരമായിരിക്കും. 32 കാരനായ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറിനെ ചിക്കാഗോയിലേക്ക് കൊണ്ടുപോകാൻ ശ്രമം പണ്ടേ ആരംഭിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ചിക്കാഗോ ഫയറിന്റെ മാനേജരുമായി ബാസ്റ്റിൻ കൂടിക്കാഴ്ച്ച നടത്തിയത് ഊഹാപോഹങ്ങൾക്ക് ആക്കംകൂട്ടി.

ജർമ്മൻ ഇതിഹാസം ഷ്വെയിൻസ്റ്റൈഗർ 2015 ൽ ലൂയിസ് വാൻ ഗാലിന്റെ സമയത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ജോസെ മൗറീഞ്ഞ്യോ മാനേജർ സ്ഥാനം ഏറ്റെടുത്തതിൽ പിന്നെ മിക്കപ്പോളും ബെഞ്ചിലായിരുന്നു ഷ്വെയിൻസ്റ്റൈഗരുടെ സ്ഥാനം. മിഡ്ഫീൽഡർമാരുടെ ആധിക്യമുള്ള യുണൈറ്റഡിൽ  ഷ്വെയിൻസ്റ്റൈഗർ പ്ലെയിങ് സ്‌ക്വാഡിൽ ഇടം നേടിയത് വിരളമായിരുന്നു. മൗറീഞ്ഞ്യോയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ അതിനു ശേഷം  18 തവണമാത്രമാണ് മാഞ്ചെസ്റ്ററിനു വേണ്ടി ജേഴ്സി അണിഞ്ഞത്. ക്ലബ് വിടാനുള്ള അനുവാദം ലഭിച്ചിരുന്നെങ്കിലും പ്ലെയിങ് സ്‌ക്വാഡിൽ ഇടം നേടാൻ ഷ്വെയിൻസ്റ്റൈഗർ അവിടത്തന്നെ തുടരുകയായിരുന്നു. ഒരു ഘട്ടത്തിൽ യുണൈറ്റഡിന്റെ ജൂനിയർ കളിക്കാരുടെ കൂടെ പ്രാക്ടീസ് ചെയ്യാൻ നിർബന്ധിതനായിരുന്നു. അണ്ടർ 23 പ്ലെയേഴ്‌സിന്റെ കൂടെ നിന്നും നവംബറിൽ വെസ്റ്റ് ഹാമിനെതിരെ കളിയ്ക്കാൻ പ്ലെയിങ് സ്‌ക്വാഡിലെത്തി. വിഗനെതിരെ ജനുവരി 29നു ഗോളടിച്ച ഷ്വെയിൻസ്റ്റൈഗർ പിന്നീട കളിച്ചത് സബ്ബായി ഫെബ്രുവരിയിൽ യൂറോപ്പ ലീഗിൽ മാത്രമാണ്.

2002 മുതൽ 2015 ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ച ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ 342  മാച്ചുകളിൽ നിന്നായി 68 ഗോളുകൾ നേടി. ബവേറിയന്മാരുടെ കൂടെ ഒട്ടേറെ കിരീടനേട്ടങ്ങൾ അദ്ദേഹം നേടി. മൂന്നു വേൾഡ് കപ്പിൽ കളിച്ച ഷ്വെയിൻസ്റ്റൈഗർ 2014ൽ വേൾഡ് കപ്പ് നേടിയ ജർമ്മൻ ടീം അംഗം കൂടിയാണ്. ജർമ്മനിക്കുവേണ്ടി 121 മത്സരങ്ങൾ കളിച്ച ഷ്വെയിൻസ്റ്റൈഗർ 24 ഗോളുകൾ നേടിയിട്ടുണ്ട്.

മേജർ ലീഗ് സോക്കറിൽ കഴിഞ്ഞ രണ്ടു സീസണിലായി ഏറ്റവും കുറവ് പോയന്റുമായാണ് ചിക്കാഗോ ഫയറിന്റെ സ്ഥാനം. 2009തിൽ കോൺഫറൻസ് ഫൈനലിൽ എത്തിയതിനു ശേഷം ഇത് വരെ അവർ പ്ലെ ഓഫ് ഗെയിം കളിച്ചിട്ടില്ല. 2017 സീസൺ വിജയത്തോടു തുടങ്ങിയ ചിക്കാഗോ ഫയർ ഒരു സമനിലയും ഒരു തോൽവിയുമായാണ് തുടരുന്നത്.

Advertisement