Fbl Libertadores Paranaense Mineiro

ബ്രസീലിയൻ അത്ഭുത പ്രതിഭ വിറ്റോർ റോക്വെ ഇനി ബാഴ്‌സയിൽ

യുവതാരം വിറ്റോർ റോക്വെയെ എത്തിക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾക്ക് ഒടുവിൽ പരിസമാപ്തി. കൈമാറ്റ നടപടികൾ ടീമുകൾ പൂർത്തികരിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. 35 മില്യൺ യൂറോയും കൂടെ പത്ത് മില്യൺ ആഡ് ഓണുകളും ചേരുന്നതാണ് ട്രാൻസ്ഫർ ഫീ. 2029 വരെയുള്ള ദീർഘകാല കരാർ ആണ് പതിനെട്ടുകാരന് വേണ്ടി ബാഴ്‌സ നൽകുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഓഫറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായി മുണ്ടോ ഡെപ്പോർട്ടീവോ അടക്കം സൂചന നൽകിയിരുന്നു. എന്നാൽ റോക്വെ എന്ന് ടീമിനോടോപ്പം എന്ന് ചേരും എന്ന കാര്യത്തിൽ വ്യക്തത വരാൻ ഉണ്ടായിരുന്നു. ജനുവരിയിൽ മാത്രമേ റോക്വെ സ്പെയിനിലേക്ക് തിരിക്കൂ എന്ന് ഇപ്പോൾ ധാരണയായി.


നേരത്തെ താരത്തിന്റെ ക്ലബ്ബ് ആയ അത്ലറ്റികോ പരാനയെൻസിന്റെ സ്പോർട്ടിങ് ഡയറക്ടർ മാറ്റോസ് ബാഴ്‌സയിൽ എത്തി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോയി. എന്നാൽ ബാഴ്‌സയുടെ സാമ്പത്തിക സ്ഥിതി കാരണം റോക്വെയെ ഉടനെ ടീമിനോടൊപ്പം ചേർക്കാൻ സാധിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ബ്രസീലിയൻ ലീഗിൽ ഗോളടി തുടരുന്ന റോക്വെയുടെ പെട്ടെന്നുള്ള അഭാവം പരാനയെൻസിനും തിരിച്ചടി ആയേനേ. എന്നാൽ ഇരു ടീമുകൾക്കും അനുകൂലമാകുന്ന വിധത്തിൽ ഈ കാര്യത്തിൽ ധാരണയിൽ എത്താൻ സാധിച്ചു. മറ്റ് പല യുറോപ്യൻ ടീമുകളും താരത്തിന് പിറകെ ഉണ്ടായിരുന്നെങ്കിലും ബാഴ്‌സയിലേക്ക് ചേക്കേറിയാൽ മതിയെന്ന താരത്തിന്റെ ഉറച്ച തീരുമാനവും കൈമാറ്റത്തിൽ നിർണായകമായി. ക്ലബ്ബിന് പുറമെ ബ്രസീൽ യൂത്ത് ടീമിന് വേണ്ടിയുള്ള പ്രകടനവും വമ്പൻ ടീമുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഏകദേശം ഒരു ബില്യൺ യൂറോയുടെ റിലീസ് ക്ലോസും റോക്വെയുടെ കരാറിൽ ചേർത്തിട്ടുണ്ട്. ലോണിൽ ആവും തുടർന്നുള്ള മാസങ്ങളിൽ താരം നിലവിലെ ക്ലബ്ബിൽ തുടരുക.

Exit mobile version