പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തി ഔബമയങ്, അലോൻസോ ഇനി ബാഴ്സലോണ ജേഴ്‌സിയിൽ

നീണ്ട ചർച്ചകൾക്ക് ശേഷം ഔബമയങ്ങിന്റെ പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവിന് അരങ്ങൊരുങ്ങി. താരത്തിന് വേണ്ടി ചെൽസി സമർപ്പിച്ച ഓഫർ ബാഴ്സലോണ അംഗീകരിച്ചു. മുൻ ആഴ്‌സനൽ താരവുമായി കരാർ ചർച്ചകൾ ചെൽസി നേരത്തെ പൂർത്തിയാക്കിയിരുന്നു. രണ്ടു വർഷത്തെക്കാണ് ചെൽസിയിൽ താരത്തിന് കരാർ ഉണ്ടാവുക. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനും ടീമിനാവും. മാർകോസ് അലോൻസോക്ക് പുറമെ പതിനാല് മില്യൺ യൂറോയാണ് കൈമാറ്റം സാധ്യമാക്കാൻ ചെൽസി ബാഴ്‍സക്ക് നൽകുന്നത്. താരം ഇന്ന് തന്നെ ലണ്ടനിൽ എത്തി ടീമിനോടൊപ്പം ചേരും.

സ്‌പെയിനിൽ എത്തിയിട്ടുള്ള മാർക്കോസ് അലോൻസോ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം ഔദ്യോഗിക കരാറിൽ ഒപ്പിടും. താരവുമായി വളരെ നേരത്തെ കരാർ ചർച്ചകൾ ബാഴ്‌സലോണ പൂർത്തികരിച്ചിരുന്നു. എന്നാൽ ഔബമയങ് ഡീലിന്റെ ഭാഗമായി മാത്രമേ താരത്തെ കൈമാറൂ എന്ന ചെൽസിയുടെ നിർബന്ധത്തിൽ തട്ടി കൈമാറ്റം അനിശ്ചിതത്വത്തിൽ ആയിരുന്നു. അവസാനം ചെൽസി ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ നീങ്ങി. ഇരു ടീമുകൾക്കും തങ്ങൾക് ഏറ്റവും ആവശ്യമുള്ള പൊസിഷനുകളിലേക്ക് മുൻ നിര താരങ്ങളെ എത്തിക്കാൻ കഴിഞ്ഞത് ആശ്വാസമാവും.