ബൊക്കോയോകോ പ്രീമിയർ ലീഗിലേക്ക്

- Advertisement -

മൊണാക്കോയുടെ യുവ മധ്യ നിര താരം തിമോ ബൊക്കോയോകോ ഇനി ചെൽസിയുടെ നീലകുപ്പായമണിയും. ഏതാണ്ട് 40 മില്യൺ യൂറോയുടെ കരാർ ചെൽസിയും മൊണാക്കോയും ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ചെൽസിയുടെ നൈക്കുമായുള്ള പുതിയ ജേഴ്സി കരാർ ആരംഭിക്കുന്ന ജൂലൈ 1 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

കഴിഞ്ഞ സീസൺ അവസാനിച്ച ഉടനെ തന്നെ ചെൽസിക്ക് ബോക്കോയോക്കോയിലുള്ള താൽപര്യം അവർ പ്രകടിപ്പിച്ചിരുന്നു. ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേക്ക് ഏറെ ഇഷ്ട്ടമുള്ള കളിക്കാരിൽ ഒരാളാണ് ബൊക്കോയോകോ. എന്ത് വിലകൊടുത്തും ബൊക്കോയോക്കോയെ സ്വന്തമാക്കണം എന്ന് കോണ്ടേ തന്റെ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ പുതിയ സീസണിൽ ചെൽസി മധ്യ നിരയിൽ സ്വന്തം നാട്ടുകാരനായ എൻകോലോ കാന്റെയുടെ പങ്കാളിയായി താരം ഉണ്ടാവും. ഡിഫൻസീവ് മിഡ്ഫീൽഡർ തന്നെയായ ബൊക്കോയോകോ കൂടി ചേരുന്നതോടെ ചെൽസി പ്രതിരോധത്തിന് കാന്റയെ കൂടാതെ മികച്ചൊരു സംരക്ഷകൻ കൂടിയാകും.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് 1 ചാമ്പ്യന്മാരായ മൊണാക്കോക്ക് വേണ്ടി ആഭ്യന്തര ലീഗിലും ചാമ്പ്യൻസ് ലീഗിലും നടത്തിയ സ്ഥിരതയാർന്ന പ്രകടനമാണ് ഫ്രഞ്ചുകാരനെ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ നോട്ടപ്പുള്ളിയാക്കിയത്. 2013 ഇൽ ഫ്രഞ്ച് ടീം തന്നെയായ റെന്നെസിലൂടെ സീനിയർ കരിയർ ആരംഭിച്ച ബൊക്കോയോകോ 2014 ലാണ് മൊണാക്കോയിൽ എത്തുന്നത്.പിന്നീട് ചാമ്പ്യൻസ് ലീഗിൽ അടക്കം മികച്ച പ്രകടനവുമായി ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി ഇയറിലും അംഗമായിരുന്നു 22 കാരൻ.

ബൊക്കോയോക്കോയുടെ വരവോടുകൂടി ചെൽസിയുടെ സെർബിയൻ താരം നെമഞ്ഞ മാറ്റിച്ചിന്റെ ഭാവി തുലാസിലാവും. മാറ്റിച് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് കൂടുമാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

Advertisement