Picsart 25 01 29 23 04 57 032

വില്ലയുടെ വാറ്റ്കിൻസിന് ആയി അപ്രതീക്ഷിത നീക്കം നടത്തി ആഴ്‌സണൽ

പരിക്കുകൾ വേട്ടയാടുന്ന ആഴ്‌സണൽ ആസ്റ്റൺ വില്ലയുടെ മുന്നേറ്റനിര താരം ഒലി വാറ്റ്കിൻസിന് ആയി രംഗത്ത്. മുന്നേറ്റനിരയിൽ ഒരു മികച്ച താരത്തിന്റെ അഭാവം ഉണ്ടെന്ന വിമർശനം നേരിടുന്ന ആഴ്‌സണൽ 29 കാരനായ ഇംഗ്ലീഷ് താരത്തിന് ആയി 60 മില്യൺ പൗണ്ട് എന്ന വാഗ്ദാനം ആണ് മുന്നോട്ട് വെച്ചത്. എന്നാൽ ഇത് ഉടൻ തന്നെ വില്ല നിരസിച്ചു. എങ്കിലും താരത്തിന് ആയി ഇനിയും പുതിയ ഓഫർ മുന്നോട്ട് വെക്കാൻ ആണ് ആഴ്‌സണൽ ശ്രമം എന്നാണ് റിപ്പോർട്ട്.

തങ്ങളുടെ നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് തങ്ങളുടെ പ്രമുഖ താരത്തിന് ആയി ആഴ്‌സണൽ രംഗത്ത് വന്നത് വില്ലയെ ചൊടിപ്പിച്ചത് ആയും റിപ്പോർട്ട് ഉണ്ട്. എന്നാൽ ചെറുപ്പത്തിലെ ആഴ്‌സണൽ ആരാധകൻ ആയ വാറ്റ്കിൻസിന് ആഴ്‌സണലിൽ വരാൻ താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ആഴ്‌സണലിൽ കളിക്കുക തന്റെ സ്വപ്നം ആണെന്നും താരം പറഞ്ഞിരുന്നു. വില്ലക്ക് ആയി മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് ഉള്ള വാറ്റ്കിൻസ് 5 സീസണുകളിൽ ആയി 69 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം വില്ലയുടെ മറ്റൊരു മുന്നേറ്റനിര താരം ജോൺ ഡുറാനു ആയി അൽ നസർ ശക്തമായി രംഗത്ത് ഉണ്ട്. വില്ല ചെൽസിയുടെ ജാവോ ഫെലിക്സിനെ സ്വന്തമാക്കാനും ശ്രമിക്കുന്നുണ്ട്. ട്രാൻസ്ഫർ ജാലകം അവസാനിക്കും മുമ്പ് വാറ്റ്കിൻസിനെ ടീമിൽ എത്തിക്കാൻ പരമാവധി ശ്രമിക്കാൻ ആവും ആഴ്‌സണൽ ശ്രമം.

Exit mobile version