കൊണ്ടേയുടെ പ്രതിരോധത്തിന് കരുത്തേക്കാൻ ഇനി ജർമ്മൻ പ്രതിരോധക്കാരൻ

- Advertisement -

നീലപടയുടെ പ്രതിരോധകോട്ടക്ക് ഇനി ജർമ്മൻ മുഖവും. എ എസ് റോമയിൽ നിന്ന് ജർമ്മൻ പ്രതിരോധ നിര താരം അന്റോണിയോ റുഡീഗർ ചെൽസിയിൽ എത്തി. 34 മില്യൺ യൂറോയോളം മുടക്കിയാണ് പ്രീമിയർ ലീഗ് ജേതാക്കൾ താരത്തെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി അവസാന നിമിഷം താരത്തിനായി വന്നെങ്കിലും ചെൽസി പ്രശ്നങ്ങളൊന്നും കൂടാതെ കൈമാറ്റം പൂർത്തിയാക്കുകയായിരുന്നു.

ജോണ് ടെറി, നഥാൻ ആകേ എന്നിവർ ക്ലബ്ബ് വിട്ട സാഹചര്യത്തിൽ നിലവിൽ ചെൽസിയിൽ 2 സെൻട്രൽ ഡിഫന്ററുടെ കുറവുണ്ട്. റുഡീകർ എത്തുന്നതോടെ കൊണ്ടേക്ക് പ്രതിരോധത്തിൽ കൂടുതൽ കരുത്താവും എന്നാണ് പ്രതീക്ഷ. കോണ്ഫെഡറേഷൻ കപ്പ് നേടിയ ജർമ്മൻ ടീമിൽ നിർണായക പങ്കാണ് റുഡീകർ വഹിച്ചത്. ഫൈനലിൽ ആദ്യ പകുതിയിൽ പകച്ചെങ്കിലും പിന്നീട് ചിലി രണ്ടാം പകുതിയിൽ സമനില ഗോളിനായി കൈ മെയ് മറന്ന് ശ്രമിച്ചപ്പോൾ അവസരത്തിനൊത്ത് ഉണർന്ന താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ ജർമ്മൻ പ്രതിരോധകാരിൽ ബോട്ടെങ്ങിന്റേയോ ഹമ്മൽസിന്റെയോ അത്ര മിടുക്കൻ അല്ലെങ്കിലും താരതമ്യേന അവരെക്കാൾ ചെറുപ്പമായ 24 കാരനായ റുഡീകർ കൊണ്ടേക്ക് കീഴിൽ ഇനിയും വളരും എന്നുതന്നെ ഉറപ്പിക്കാം. കൂടാതെ പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയൻ ലീഗിലെ അനുഭവ സമ്പത്തും താരത്തിന് തുണയായേക്കും.

ജർമ്മൻ ക്ലബ്ബായ വി എഫ് ബി സ്റ്റ്യൂട്ട്ഗാർഡിലൂടെ ഫുട്ബോൾ ലോകത്തെത്തിയ റുഡീകർ 2015 ലാണ് ഇറ്റാലിയൻ വമ്പന്മാരായ റോമയിൽ എത്തുന്നത്. റോമക്കായി ഇതുവരെ 56 മത്സരങ്ങൾ കളിച്ച താരം 2014 മുതൽ ജർമ്മനിയുടെ ദേശീയ ടീമിലും അംഗമാണ്.

അന്റോണിയോ കോണ്ടേ ചെൽസി പരിശീലകനായി ചുമതലയേറ്റ ഉടനെ റുഡീകർ ചെൽസിയിൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും 2016 ഇൽ യൂറോകപ്പിന് തൊട്ട് മുൻപേ താരത്തിന് ഏറ്റ പരിക്ക് കാരണം അത് നടക്കാതെ പോകുകയായിരുന്നു. ഗാരി കാഹിൽ അടക്കമുള്ള താരങ്ങൾക്ക് പ്രായമായിവരുന്ന സാഹചര്യത്തിൽ ഭാവിയിലേക്കുള്ള കൊണ്ടേയുടെ കരുതലായി വേണം റുഡീകറിന്റെ വരവിനെ കാണാം. ചാമ്പ്യൻസ് ലീഗ് അടക്കം വരാനിരിക്കുന്ന സീസണിൽ ഏറെ മത്സരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ എന്തുകൊണ്ടും റുഡീകർ ചെൽസിക്ക് ഉപകാരമാവും. ഏതായാലും ഗാരി കാഹിൽ ഡേവിഡ് ലൂയിസ് അടക്കമുള്ള താരങ്ങളെ പിന്തള്ളി ചെൽസിയുടെ ആദ്യ ഇലവനിലേക്ക് ഈ ജർമ്മനിക്കാരൻ എത്തുമോ എന്നറിയാൻ ഇനിയും കാത്തിരിക്കുക തന്നെ വേണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement