Picsart 23 07 18 15 37 19 586

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്സ് ടെല്ലസ് അൽ നസറിലേക്ക്!!

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസ് ക്ലബ് വിടും. താരത്തെ സൗദി അറേബ്യൻ ക്ലബായ അൽ നസർ ആകും സ്വന്തമാക്കുന്നത്. അൽ നസറും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതിൽ ധാരണ ആയിട്ടുണ്ട്. ടെല്ലസും സൗദിയിലേക്ക് പോകാൻ ഒരുക്കമാണ്. അടുത്ത ദിവസം തന്നെ അൽ നസർ ട്രാൻസ്ഫർ പൂർത്തിയാക്കും. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബായ സെവിയ്യയിൽ ലോണിൽ ചിലവഴിച്ച ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആഗ്രഹിച്ചിരുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് സീസൺ മുമ്പ് എത്തിയ ടെല്ലസിന് ഇതുവരെ അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല. പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും ഒരു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ചെറിയ ട്രാൻസ്ഫർ ഫീ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കും. 28കാരനായ താരത്തെ 14 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് സൈൻ ചെയ്തത്.

Exit mobile version