അജയ് ഛേത്രി വീണ്ടും ലോണിൽ പോകും

ബെംഗളൂരു എഫ് സിയുടെ യുവതാരം അജയ് ഛേത്രിയെ വീണ്ടും ലോണിൽ അയക്കും. ഇത്തവണ ഐ ലീഗ് ക്ലബായ പഞ്ചാബ് എഫ് സി ആണ് അജയ് ഛേത്രിയെ സൈൻ ചെയ്യുന്നത്. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

കഴിഞ്ഞ സീസണിൽ ഐ എസ്‌ എൽ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ് സിയിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്. മധ്യനിര താരമായ അജയ് ഛേത്രി അവസാന ആറു വർഷങ്ങളായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ബെംഗളൂരുവിന്റെ യുവ ടീമുകൾക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്. ബെംഗളൂരു റിസേർവ്സിനൊപ്പം ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം അജയ് സ്വന്തമാക്കിയിട്ടുണ്ട്.

ഒരു സീസൺ മുമ്പ് ബെംഗളൂരു സീനിയർ സ്ക്വാഡിൽ എത്തിയ താരം ഐ എസ്‌ എല്ലിൽ ചെന്നൈയിനെതിരെ അരങ്ങേറ്റവും നടത്തിയിരുന്നു. ഇതിനു മുമ്പ് ഹൈദരബാദിലും ലോണിൽ താരം കളിച്ചിരുന്നു.