പ്രതീക്ഷകൾക്ക് ഒപ്പം പറക്കാൻ കഴിയാതെ അദ്നാൻ യനുസായ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

- Advertisement -

അദ്നാൻ യനുസായ് അങ്ങനെയാണ് അവന്റെ പേര് പ്രനൗൺസ് ചെയ്യുക എന്ന് മിക്കവർക്കും അറിയില്ലായിരിക്കും. പക്ഷെ തന്റെ ഡെബ്യൂട്ട് സീസണിലെ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എല്ലാവരും നന്നായി പഠിച്ചേനെ എങ്ങനെ ആ പേര് പ്രനൗൺസ് ചെയ്യണമെന്ന്.

ഒരുഘട്ടത്തിൽ റയാൻ ഗിഗ്സിനു പകരക്കാരനായി 11 നമ്പർ ജേഴ്സി വരെ കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ടീമും ഒരേ പോലെ പ്രതീക്ഷ വെച്ച താരം. സർ അലക്സ് ഫെർഗൂസൺ വിരമിച്ച് മോയിസ് ചുമതല ഏറ്റെടുത്ത സീസണിൽ നടന്ന ഏക നല്ല ഓർമ്മ ബെൽജിയൻ വണ്ടർ ബോയ് യനുസായ് ആയിരുന്നു. 44ാം ജെഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയ താരം സീസണിലുടനീളം തന്റെ പൊട്ടൻഷ്യൽ എത്ര മാത്രം ഉണ്ട് എന്നത് മാഞ്ചസ്റ്റർ ആരാധകർക്ക് കാണിച്ചുകൊടുത്തു.

2013-14 സീസണിൽ സണ്ടർലാന്റിനെതിരെയായിരുന്നു യനുസായിന്റെ ഫുൾഡെബ്യൂട്ട്. ആദ്യ സ്റ്റാർട്ടിൽ സണ്ടർലാന്റിനെതിരെ ഇരട്ട ഗോൾ അടിച്ചുകൊണ്ട് തുടങ്ങിയ അദ്നാൻ പിന്നീട് മോയിസ് ടീമിലെ സ്ഥിരം സ്റ്റാർട്ടറായി. ഒരു ഘട്ടത്തിൽ പി എസ് ജി യനുസായിനു വേണ്ടി 40 മില്യൺ വരെ ഓഫർ ചെയ്തിരുന്നു.

2014-15 സീസണിൽ 11ാം നമ്പറിലേക്ക് മാറിയ യനുസായിക്ക് പക്ഷെ നിരാശയുടെ സീസണായി അത്. കാലിലെ സ്കില്ല് കളത്തിൽ കാട്ടാനുള്ള കരുത്തില്ലാതായപ്പോൾ വാൻഹാലിന്റെ കണ്ണിൽ അദ്നാൻ പിറകിലേക്കു പോയി. പിന്നീടു വന്ന ഹോസെയും അദ്നാനിനെ പരിഗണിച്ചില്ല. ഇതിനിടെ ഡോർട്മെന്റിലും കഴിഞ്ഞ സീസണിൽ സണ്ടർലാന്റിലും യനുസായ് ലോണിലും പോയി. പക്ഷെ രണ്ടു ടീമിലും താളം കണ്ടെത്താൻ ബെൽജിയംകാരനായില്ല.

ഇപ്പോൾ റയൽ സോസിഡാണ് യനുസായിനെ സ്വന്തമാക്കാൻ എത്തിയിരിക്കുന്നത്. 11മില്യൺ തുകയാകും ട്രാൻസ്ഫർ തുക. ഇപ്പോഴും ചെറുപ്പമായ യനുസായിക്ക് കരിയർ സ്പെയിനിൽ എങ്കിലും നേരായ വഴിയിലേക്ക് കൊണ്ടു വരാൻ കഴിയട്ടെ.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement