20230717 210339

മധ്യനിരയിലേക്ക് വലൻസിയൻ യുവതാരത്തെ ലക്ഷ്യമിട്ട് എസി മിലാൻ

സാൻട്രോ ടോണാലി ടീം വിട്ടത്തിന് പിറകെ മധ്യനിര ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി എസി മിലാൻ മുന്നോട്ട്. വലൻസിയയുടെ അമേരിക്കൻ യുവതാരം യൂനുസ് മൂസയെയാണ് ഇറ്റാലിയൻ ടീം അടുത്തതായി ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം രണ്ടു വാരത്തിൽ അധികമായി താരത്തിന് പിറകെയാണ് മിലാൻ. വ്യക്തിപരമായ കരാറിൽ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ആദ്യം മുന്നോട്ട് വെച്ച 17 മില്യൺ യൂറോയുടെ ഓഫറിലും കൂടിയ തുക വലൻസിയ അവശ്യപ്പെട്ടേക്കും എന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ തന്നെ തുടർ ചർച്ചകൾ നടക്കും.

നാല് വർഷത്തെ കരാർ ആണ് യൂനുസ് മൂസക്ക് എസി മിലാൻ നൽകുക. താരത്തിന്റെ പ്രതിരോധ മികവ് കൂടിയാണ് ടീമിനെ ആകർഷിച്ചത്. എന്നാൽ വലൻസിയ ഏകദേശം 25 മില്യൺ യൂറോയോളം അവശ്യപ്പെട്ടെക്കും എന്ന് മാറ്റിയോ മോറെറ്റോ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്തിരുന്നു. ഇത് തന്നെയാണ് മുന്നോട്ടുള്ള നീക്കങ്ങളിൽ വിലങ്ങു തടിയാവുക. ഇരുപതുകാരനായ താരത്തിന് പിറകെ ഫുൾഹാം അടക്കം ഉള്ളതായി സൂചനയുണ്ട്. കൂടാതെ പ്രീ സീസണിന് വേണ്ടി ഈ വാരത്തോടെ തന്നെ യുഎസിലേക്ക് തിരിക്കും എന്നതിനാൽ എത്രയും വേഗം കൈമാറ്റം പൂർത്തിയാക്കാനുള്ള ശ്രമത്തിൽ ആവും എസി മിലാൻ. ആഴ്‌സനൽ യൂത്ത് അക്കാഡമിയിലൂടെ വളർന്ന് ശേഷം വലൻസിയ ബി ടീമിലും തുടർന്ന് സീനിയർ ടീമിലും എത്തുകയായിരുന്നു യൂനുസ് മൂസ.

Exit mobile version